മൂന്നാറില്‍ സി.പി.എമ്മിനെതിരായ നിലപാട് മയപ്പെടുത്താന്‍ തയ്യാറാവാതെ സി.പി.ഐ . സി.പി.എം നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം ശക്തമാക്കും.

സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കെതിതെ സി.പി.എം നേതൃത്വം നല്‍കുന്ന മൂന്നാര്‍ സംരക്ഷണ സമിതിയുടെ സമരത്തിനെതിരെ ശക്തമായ നിലപാട് തുടരാനാണ് പ്രദേശിക നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്‍റെ ആദ്യപടിയായാണ് സി.പി.എമ്മിന്‍റെ പേരെടുത്തു പറഞ്ഞ് നോട്ടീസ് അടിച്ചത്. മൂന്നാറിലെ തോട്ടം മേഖലയിലുള്ള സ്വാധീനവും സമരത്തിനെതിരായുള്ള പ്രചരണത്തിന് ഉപയോഗിക്കും. പാവങ്ങള്‍ക്ക് നല്‍കേണ്ട ഭൂമി കൈവശപ്പെടുത്തി വച്ചിരിക്കുന്ന ജോയ്സ് ജോര്‍ജ്ജ് എം.പി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനുള്ള നീക്കത്തിനു കൂട്ടു നില്‍ക്കേണ്ടെന്നാണ് സി.പി.ഐ തീരുമാനം. 

വര്‍ഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവരെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് അയച്ച് നിരന്തരം പീഡിപ്പിക്കുന്ന നടപടിയാണ് റവന്യൂ വകുപ്പ് സ്വകരിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതിനെതിരെ സി.പി.ഐ പ്രതികരിക്കാത്തത് ദുരൂഹമാണ്. കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് മൂന്നാറിലെ സി.പി.എം നേതാക്കള്‍.