തിരുവനന്തപുരം: സിപിഎമ്മിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി മര്യാദ എന്താണെന്ന് ചര്‍ച്ച ചെയ്യണമെന്ന് കാനം പറഞ്ഞു. ഒറ്റക്ക് നിന്നാല്‍ എല്ലാവരും എങ്ങിനെവരുമെന്ന് കാണാമെന്നും കാനം സിപിഎമ്മിനെ ഓര്‍മ്മപ്പെടുത്തി. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരിഹാസത്തിനായിരുന്നു കാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.വിദേശത്ത് നിന്നും മടങ്ങിയെത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. 

തോമസ് ചാണ്ടിയുടെ രാജിയില്‍ എല്‍ഡിഎഫില്‍ ധാരണയുണ്ടായിട്ടും നീട്ടിക്കൊണ്ടുപോയതും കാബിനറ്റില്‍ പങ്കെടുപ്പിച്ചതുമാണ് മുന്നണി മര്യാദാ ലംഘനമെന്ന് കാനം പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് മുന്നണിമര്യാദയുടെ ലംഘനമാണെന്നായിരുന്നു കോടിയേരിയുടെ പരസ്യവിമര്‍ശനം. 

വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടി പറയുമ്പോഴും ഭിന്നതചര്‍ച്ചയിലൂടെ തീര്‍ക്കാമെന്നും കാനം പറയുന്നു. മഞ്ഞുരുകുന്നുവെന്ന രീതിയിലാണ് കോടിയേരിയുടെ പ്രതികരണം. സിപിഐയോട് പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

നേതൃത്വത്തെ വിമര്‍ശിച്ച കെ.ഇ ഇസ്മായിലിനെ കാനം രാജേന്ദ്രന്‍ തള്ളി. പിന്നാലെ ഇസ്മായില്‍ പാര്‍ട്ടി ആസ്ഥാനത്ത് കാനവുമായി ചര്‍ച്ച നടത്തി. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് ഇസ്മായിലിന്റെ വിശദീകരണം. പ്രകാശ്ബാബുവിന്റെ വിമര്‍ശനത്തില്‍ ഇസ്മായിലിന് അതൃപ്തിയുണ്ട്. 22ന് പാര്‍ട്ടി നിര്‍വ്വാഹകസമിതി വിവാദം ചര്‍ച്ച ചെയ്യും.