ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും ബംഗാളിൽനിന്നും രാജ്യസഭാ സ്‌ഥാനാർഥിയാകണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം കേന്ദ്രക്കമ്മിറ്റി യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യച്ചൂരിയുെട സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയം തിങ്കളാഴ്ച തുടങ്ങിയ ത്രിദിന കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലാണ്. 

യച്ചൂരി ഇനി രാജ്യസഭാംഗമാകേണ്ടെന്ന് പൊളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷമായ കാരാട്ടുപക്ഷം ഞായറാഴ്ച്ചത്തെ യോഗത്തിൽ നിലപാടെടുത്തിരുന്നു. ഈ നിലപാട് സിസിയെ അറിയിക്കും. കേരള ഘടകവും യച്ചൂരി മൽസരിക്കേണ്ടതില്ല എന്ന നിലപാടുള്ളവരാണ്. അതിനിടെയാണ് യച്ചൂരിയെ പിന്തുണച്ച് വിഎസ് രംഗത്തെത്തിയത്.

യച്ചൂരിയുടെ രാജ്യസഭാംഗത്വം അടുത്ത മാസം 18നു തീരും. അദ്ദേഹത്തിന്റേതുൾപ്പെടെ ബംഗാളിൽനിന്നു മൊത്തം ആറു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവു വരുന്നത്. അഞ്ചു സീറ്റിൽ തൃണമൂൽ കോൺഗ്രസിനു വിജയം ഉറപ്പാണ്. അവശേഷിക്കുന്ന സീറ്റിൽ യച്ചൂരിയാണ് ഇടതു സ്‌ഥാനാർഥിയെങ്കിൽ തങ്ങൾ മൽസരിക്കില്ലെന്നതാണു കോൺഗ്രസ് നിലപാട്.