സിപിഎം കൊല്ലം, മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്നു തുടക്കമാകും. കൊല്ലം ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

ഒരു കാലത്ത് വിഎസ്-പിണറായി പക്ഷങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന കൊല്ലത്ത് ഇപ്പോള്‍ കഥമാറി. വിഭാഗീയത പൂര്‍ണ്ണമായും ഒഴിവായെന്ന് നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു. എങ്കിലും അഞ്ചല്‍, നെടുവത്തൂര്‍ ഏരീയ കമ്മിറ്റികളിള്‍ മത്സരം നടന്നത് പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കുന്നു. ഓഖീ ദുരന്തനിവാരണത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വീഴ്ച ഉണ്ടായെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ദുരന്ത പ്രദേശങ്ങളിലെ മന്ത്രിയുടെ സന്ദര്‍ശനം വൈകിയതും കാണാതായവരുടെ കണക്കുകളിലുണ്ടായ വൈരുദ്ധ്യവും പൊതുജനങ്ങളില്‍ സര്‍ക്കാരിലുള്ള വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ആരോപണുമുണ്ട്. കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ ശക്തമായ വിമര്‍ശനമാണ് 18 ഏരിയ സമ്മേളനങ്ങളിലും ഉണ്ടായത്. നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളോട് കയര്‍ത്തത് മോശം പ്രതിഛായ ഉണ്ടാക്കിയെന്ന് പ്രതിനിധികള്‍ ഭൂരിഭാഗം പേരും പറയുന്നു. കൊല്ലത്ത് പികെ ഗുരുദാസന് സീറ്റ് നിഷേധിച്ച സംഭവവും ചര്‍ച്ച ആയേക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദശത്തെരഞ്ഞെടുപ്പിലും കൊല്ലത്ത് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത് നേട്ടമായി കരുതുന്നു. നിലവിലെ ജില്ലസെക്രട്ടറി കെ എൻ ബാലഗോപാല്‍ തുടരാനാണ് സാധ്യത.

മലപ്പുറത്ത് അൻവറിനെതിരായ ആരോപണം ചര്‍ച്ചയാകും

പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പെരിന്തൽമണ്ണയിൽ നടക്കുന്ന
മൂന്നു ദിവസത്തെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലയിലെ 16 ഏരിയാ കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുത്ത 294 പ്രതിനിധികളും 34 ജില്ലാ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ 328 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ച പുതിയ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകുന്നേരം പെരിന്തല്‍മണ്ണയില്‍ റെഡ് വൊളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടക്കും. തുടര്‍ന്നു നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.