തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം.

ഇടുക്കി: വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം. തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം. വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമര്‍ശിച്ചു. ‘’ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ? ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷണൻ മേടിച്ച് ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ, അതിന്‍റെ പേര് ഒരുമാതിരി പെറപ്പ്പണീന്ന് പറയും.'' ജനങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള എംഎം മണിയുടെ പരാമര്‍ശങ്ങളിങ്ങനെ. 

അതേ സമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. തിരുത്തേണ്ട നിലപാടുണ്ടെങ്കിൽ തിരുത്തുമെന്നും എൽഡിഎഫ് കണ്‍വീനര്‍‌ വ്യക്തമാക്കി. ജനവിധി സൂക്ഷ്മ തലത്തിൽ പരിശോധിക്കും. തിരുവനന്തപുരം കോർപറേഷൻ ബിജെപി മുന്നിലെത്തിയത് നിസ്സാരമല്ലെന്നും ​ഗൗരവമുള്ള വിഷയമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഡീൽ ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു