ദേവികുളം: കൊട്ടക്കമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തിയ വൻകിടക്കാരിൽ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരും. പെരുമ്പാവൂരിലെ സിപിഎം കൗൺസിലർ ജോൺ ജേക്കബിനു പുറമെ ഇടുക്കി ജില്ലാ കമ്മറ്റിയംഗം എം.ലക്ഷ്മണനും ഇക്കൂട്ടത്തിലുണ്ട്. വൻകിടക്കാരിൽ അൻപതോളം പേർ ദേവികുളം താലൂക്കിനു പുറത്തുള്ളവരാണ്.

നീലക്കുറിഞ്ഞി സങ്കേത്തിന്‍റെ ഭാഗമായ കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 ലാണ് വ്യാപകമായി വ്യാജരേഖളുടെ മറവിൽ വൻകിടക്കാർ ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. നീലക്കുറിഞ്ഞി സങ്കേതത്തിന്‍റെ ഭാഗമയ ഈ ബ്ലോക്കിൽ 1983 ഹെക്ടർ ഭൂമിയുണ്ട്. 151 പേർക്ക് ഇവിടെ മാത്രം ഭൂമിയുള്ളതായാണ് റവന്യൂ വകുപ്പിന്‍റെ രേഖയിലുള്ളത്.

ഇതിൽ 42 പേർ ദേവികുളം താലൂക്കിനു പുറത്തുള്ളവരാണ്. 14 എറണാകുളം ജില്ലക്കാരും മൂന്ന് തമിഴ്നാട് സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. പെരുമ്പാവൂരിലെ സിപിഎം നേതാവും മുനിസിപ്പൽ കൗൺസിലറുമായ ജോൺ ജേക്കബിനും കുടംബാംഗങ്ങൾക്കും ഇവിടെ 52 ഏക്കറോളം ഭൂമിയുണ്ട്. ജോൺ ജേക്കബിൻറെയും ബന്ധുക്കളുടെയും പേരിലും ഇവരുടെ ഉടമസ്ഥതയിലുള്ള റോയൽ അഗ്രിക്കൾച്ച‌‌ർ കമ്പനിയുടെ പേരിലാണ് ഭൂമി.

 52 ഏക്കർ ഭൂമിയുടെ രേഖകളുടെ മറവിൽ നൂറേക്കറലധികം ഭൂമി ഇവർ കൈവശം വച്ചിട്ടുണ്ട്. വ്യാജ പവർ ഓഫ് അറ്റോണി ചമച്ചാണ് ഭൂമി തട്ടിയെടുത്തത്. സിപിഎം ഇടുക്കി ജല്ലാകമ്മറ്റിയംഗം എം. ലക്ഷ്മണന് കൊട്ടക്കമ്പൂരിൽ രണ്ടരയേക്കറോളം ഭൂമിയുണ്ട്. മൂന്നാർ ഇക്കാനഗർ കോളനിയിലെ വിലാസത്തിൽ 99 ലാണ് പട്ടയം സമ്പാദിച്ചിരിക്കുന്നത്.

ഭൂമി പതിവ് കമ്മറ്റി യോഗം ചേരാത്ത സമയത്താണ് ലക്ഷ്മണനും പട്ടയം ലഭിച്ചിരിക്കുന്നത്. ബിനാമി പേരുകളിൽ രാഷ്ട്രീയക്കാർ ഇവിടെ വൻ തോതിൽ ഭൂമി കൈവശപ്പെടുത്തിയതായും സൂചനയുണ്ട്. പരിശോധനയുടെ ഭാഗമായി ഇവർക്കും അടുത്ത ദിവസം രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകും. പരിശോധന ശക്തമാക്കിയാൽ ഇവരുടെ പട്ടയവും റദ്ദാക്കും.