സബ് കളക്ടര്‍ കേസെടുത്തു അനുമതി വാങ്ങാതെ കെട്ടിട നിര്‍മാണം

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം ദേവികുളം സബ് കളക്ടര്‍ പ്രേംകുമാറിന്റെ നേത്യത്വത്തില്‍ തടഞ്ഞു. സംഭവത്തില്‍ ദേവികുളം ഇറച്ചിപാറയില്‍ താമസിക്കുന്ന മുത്തുക്കോട്ടേജുടമ ജോണ്‍ (70)നെതിരെ ദേവികുളം പോലീസ് കേസെടുത്തു. കോട്ടേജ് മുകളില്‍ രണ്ടാംനില നിര്‍മ്മിക്കാന്‍ റവന്യുവകുപ്പില്‍ നിന്നും അനുമതിവാങ്ങിയിരുന്നില്ല. മുമ്പ് ഇത്തരത്തില്‍ നിര്‍മ്മാണം നടത്തിയ കെട്ടിടത്തിന് അധിക്യതര്‍ സ്റ്റോപ്പ് മെമ്മോനല്‍കിയിരുന്നു. 

എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ പണികള്‍ വീണ്ടും തുടങ്ങുകയായിരുന്നു. മകന്‍ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണെന്നിരിക്കെയാണ് സര്‍ക്കാരിനെ വെല്ലുവിളിച്ച് നിര്‍മ്മാണം നടത്തിയത്. ഇതോടെ വീണ്ടും സി.പി.എം-സി.പി.ഐ സംഘര്‍ഷം രൂക്ഷമാകുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ നടത്തിയ അനധിക്യത നിര്‍മ്മാണം സബ് കളക്ടര്‍ തടഞ്ഞതോടെ ഒരുവിഭാഗം റവന്യുവകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മൂന്നാറിലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതടക്കമുള്ള നടപടികളാണ് സി.പി.എം സ്വീകരിച്ചുപോരുന്നത്.