കാസര്‍ഗോഡ് സിപിഐഎമ്മില്‍ വിഭാഗീയത ഏറെക്കാലമായി കത്തിനില്‍ക്കുന്ന പ്രദേശമാണ് ബേഡകം. അച്ചടക്ക നടപടികളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും മറ്റും വിഭാഗീയതക്ക് അറുതിവരുത്താന്‍ നേതൃത്വം കിണഞ്ഞു ശ്രമിച്ചിട്ടും ഇവിടെ കഴിഞ്ഞിരുന്നില്ല. സിപിഐഎം ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മുതിര്‍ന്ന നേതാവ് ഗോപാലന്‍മാസ്റ്ററും അനുയായികളുമാണ് സി.പി.ഐ.എം വിട്ട് സി.പി.ഐയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്. സംഘടനാ തെരെഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ചേരിതിരിവും വിഭാഗീയതയുമാണ് ഒടുവില്‍ ഒരു കൂട്ടം പ്രവര്‍ത്തകരുടെ രാജിയിലേക്കും സി.പി.ഐ പ്രവേശനത്തിലേക്കും എത്തുന്നത്. സംഘടനാ തെരെഞ്ഞെടുപ്പിനിടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയ സി ബാലനെ തന്നെ ബേഡകം ഏരിയാ സെക്രട്ടറിയാക്കിയതാണ് വിമത വിഭാഗത്തിന്റെ പ്രകോപനം. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ലോക്‌സഭാതിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സി പി എമ്മില്‍ വന്‍ വോട്ടുചോര്‍ച്ച ഉണ്ടായിരുന്നു. വിമതപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനും പ്രശ്‌നം പരിഹരിക്കാനും തയ്യാറാണെന്ന് ജില്ലാ നേതൃത്വം അറിയിച്ചതോടെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വവുമായി വിമതര്‍ സഹകരിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം ഏരിയാ കമ്മിറ്റിയോഗത്തിലും ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഗോപാലന്‍മാസ്റ്റര്‍ക്കെതിരെയും വിമത നേതാക്കള്‍ക്കെതിരേയും രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായി. ഇതാണ് പാര്‍ട്ടി വിടാനും സി.പി.ഐയില്‍ ചേരാനും വിമതപക്ഷത്തെ പ്രേരിപ്പിച്ചത്.
ഉദയംപേരില്‍ വിമതരെ സ്വകീരിച്ചതിനെതിരെ സി.പി.ഐക്ക് സി.പി.ഐ.എമ്മില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകോപനം ഒഴിവാക്കിക്കൊണ്ട് 17ന് നടക്കുന്ന കണ്‍വന്‍ഷനില്‍ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയെ പങ്കെടുക്കാനാണ് സി.പി.ഐ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഇതിനിടെ ഗോപാലന്‍ മാസ്റ്ററേയും അനുയായികളേയും പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള അവസാന ശ്രമം സി.പി.ഐ.എം ജില്ലാ നേതൃത്വം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ 17ന് പ്രഖ്യാപിച്ച കണ്‍വന്‍ഷന്‍ വരെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.ഐ.എം ജില്ലാ നേതൃത്വം.
