തിരുവനന്തപുരം: കാട്ടക്കടയില്‍ സിപിഎം - എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നു. അവസാനമായി ദേശാഭിമാനി കാട്ടാക്കട ഏജന്റും തൂങ്ങാമ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശശി കുമാറിന് നേരെ ഇന്ന് വധശ്രമം നടന്നു. ഇന്ന് വെളുപ്പിന് ആറര മണിയിടെ കാട്ടാക്കട തിരുവനന്തപുരം റോഡിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. 

രാവിലെ പത്ര വിതരണത്തിന് പോകുകയായിരുന്ന ശശികുമാറിനെ രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം കമ്പി വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബൈക്കുമായി മറിഞ്ഞു വീണ ശശികുമാറിനു നേരെ വീണ്ടും ആക്രമണം തുടര്‍ന്നു. പ്രാണ രക്ഷാര്‍ത്ഥം ഓടിയ ശശികുമാറിനെ ബൈക്കില്ലെത്തിയ രണ്ടാമത്തെ സംഘം വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു.

ഇരുമ്പു വടി കൊണ്ടുള്ള അടിയില്‍ ശശികുമാറിന്റെ തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ശശി കുമാറിനെ ആക്രമിച്ച സംഘം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമണം അഴിച്ചു വിട്ടതായി പറയുന്നു. പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ ശശികുമാറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാക്കടയിലും സമീപ പ്രദേശങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ നടന്നു വരികയാണ്.

ശശി കുമാറിന് നേരെ ആസൂത്രിതമായ ആക്രമണം നടത്തിയത് എസ്ഡിപിഐ ആണെന്ന് കാട്ടാക്കട എംഎല്‍എ ഐ.ബി.സതീഷ് ആരോപിച്ചു. ഇന്ന് നടന്നത് കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം നടന്ന മുഖംമൂടി ആക്രമണത്തിന്റെ തുടര്‍ച്ചയാണെന്നും എംഎല്‍എ ആരോപിച്ചു. 

വെള്ളിയാഴ്ച്ച അര്‍ധരാത്രി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സാജുവിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ഇന്നലെ വൈകിട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ലോറി ആരോ അടിച്ചു തകര്‍ത്തതായി പരാതി ഉണ്ടായിരുന്നു. വൈകിട്ടോടെ സി.പി.എം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് മര്‍ദനമേറ്റു. ഇതിനെതിരെ വൈകിട്ട് സിംപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എസ്.ഡി.പി.ഐയുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. 

ഇതിനു പിന്നാലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചു. രാത്രി 9 മണിയോടെ ബസ് സ്റ്റാന്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മുനീര്‍, മീരാന്‍ സാഹിബ് എന്നിവരെ ഒരു സംഘം മര്‍ദിച്ചു. തുടര്‍ന്നാണ് ഇന്ന് രാവിലെ ശശികുമാറിനു നേരെ ആക്രമണം ഉണ്ടായത്.