തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ കേസും എംഎം മണിയുടെ വിവാദ പരാമര്‍ശവും ഇന്ന് ചേരുന്ന സി പി എം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാനുള്ള സാധ്യതയുണ്ട്.
ബന്ധുനിയമന വിവാദത്തിലെ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് സെക്രട്ടറിയേറ്റ് ചേരുന്നതെങ്കിലും സര്‍ക്കാറിനെയും പാര്‍ട്ടിയെയും വെട്ടിലാക്കിയ വിവാദങ്ങളില്‍ സി പി എം എന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി പി സെന്‍കുമാറിനെ പുറത്താക്കിയ സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇനി കോടതിയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് നിലപാടിലാണ് സിപിഎം. എന്നാല്‍ ടി പി കേസിലടക്കം സിപിമ്മിനെ പരസ്യമായി വിമര്‍ശിച്ച സെന്‍കുമാറിനെ ഡിജിപി ആക്കിയാലും ക്രമസമാധാന ചുമതല നല്‍കാതെ പോലീസ് ഭരണം വിഭജിച്ച് രണ്ട് പേര്‍ക്കായി ചുമതല മാറ്റണമെന്ന ചര്‍ച്ചകളുമുണ്ട്. സെക്രട്ടറിയേറ്റ് സെന്‍കുമാര്‍ നിയമനത്തില്‍ അന്തിമതീരുമാനമെടുക്കും. പൊമ്പിളൈ ഒരുമയ്ക്കും ദേവികുളം സബ് കലക്ടര്‍ക്കുമെതിരായ മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടി പരിശോധിക്കും. മണിക്കെതിരെ സെക്രട്ടറിയേറ്റ് അംഗംങ്ങളായ പി കെ ശ്രീമതിയും എം.കെ ബാലനുമടക്കം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയും കോടിയേരിയും മണിയെ തള്ളിയിരുന്നു. മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സാധ്യതയുണ്ട്.
