തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംഘടനാ വിഷയങ്ങളാണ് പ്രധാനമായും സംസ്ഥാന സമിതിയുടെ പരിഗണനക്ക് വരുന്നത്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും. അമിതഭക്തി കാണിച്ചുവെന്ന വിമര്‍ശന മുണ്ടായെങ്കിലും കടകംപ്പള്ളിക്കെതിരെ നടപടിയൊന്നും വേണ്ടെന്ന് സെക്രട്ടറിയേറ്റ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. 

മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റത്തെ കുറിച്ചുള്ള ചര്‍ച്ച സംസ്ഥാന സമിതിയിലുണ്ടാകുമോയെന്നത് ശ്രദ്ധേയമായിരിക്കും. രണ്ടു ദിവസങ്ങളില്‍ സംസ്ഥാന സമിതി ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സിഎംപി നേതാവ് കെആര്‍ അരവിന്ദാക്ഷന്റെ മരണത്തെ തുടര്‍ന്ന് ഒരു ദിവസം മാത്രമാക്കി നിശ്ചയിക്കുകയായിരുന്നു.