തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തുടക്കമാകും. പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചാരണവും മുഖ്യ ചര്‍ച്ച വിഷയമാകും. മലപ്പുറം തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനം പ്രതിപക്ഷം ആയുധമാക്കിയതോടെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വം നീക്കം തുടങ്ങിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയും പൊലീസിന് നേരെയുള്ള വിമര്‍ശനങ്ങളും, വിലക്കയറ്റവും റേഷന്‍ പ്രശ്‌നവും യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കുന്ന സാഹചര്യത്തില്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നതും ജനപിന്തുണ നേടുന്നതിനുമുള്ള തന്ത്രങ്ങളും സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. സെക്രട്ടറിയേറ്റിന് ശേഷം ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാന സമിതിയും ചേരും.