Asianet News MalayalamAsianet News Malayalam

മഹോത്സവം പോലൊരു മഹാസമ്മേളനം; സിപിഎം സംസ്ഥാന സമ്മേളന ഒരുക്കങ്ങളിങ്ങനെ...

CPM State summit in Thrissur
Author
First Published Feb 22, 2018, 10:25 PM IST

ഹരിതനിയമാവലി പരിപൂര്‍ണമായും പാലിച്ചും ആര്‍ഭാടത്തിന് ഒട്ടും കുറവില്ലാതെയും  തൃശൂരിന് ആവേശവും ആശ്ചര്യവുമായി സിപിഎം സംസ്ഥാന സമ്മേളനം. 1981ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് 37 വര്‍ഷം പിന്നിടുമ്പോള്‍ ലാളിത്യവും ത്യാഗവുമെല്ലാം സ്മരണകളില്‍ ഒതുങ്ങി. തൃശൂരുകാര്‍ ഇതുവരെ കാണാത്ത സമ്മേളനമായി സിപിഎമ്മിന്റേത് മാറിക്കഴിഞ്ഞു. ലക്ഷങ്ങളാണ് പ്രചാരണത്തിനും അലങ്കാരത്തിനുമായി മാത്രം ചെലവഴിച്ചിട്ടുള്ളത്. 

നാട്ടുകാര്‍ക്കും പ്രവേശനം കോട്ടകൊത്തളത്തിലൂടെ
ശക്തന്‍ തമ്പുരാന്റെ നാട്ടില്‍ സിപിഐ-എം സമ്മേളനം വീണ്ടുമെത്തിയപ്പോള്‍ ഒട്ടും കുറച്ചലില്ല. ഇരുമ്പ് കവചമാണ് സിപിഐ-എം എന്ന് പരക്കെ പറയുമെങ്കിലും സമ്മേളന നഗരി അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവയ്ക്കുകയാണ്. ശക്തന്റെ കൊട്ടാരത്തിലേക്കുള്ള പാലസ് റോഡും താണ്ടി രാഷ്ട്രീയം സ്പനം കണ്ടുമയങ്ങുന്ന രാമനിലയത്തിന്റെ മുന്നിലെത്തിയാല്‍ ആരും ഒന്നു നിന്നുപോകും. 

ഇടത്തോട്ട് ഇരുവശവും കൊട്ടിയടച്ച കോട്ടയിലേക്കെന്ന കണക്കെ പ്രവേശനകവാടം. റോഡരികിലെ സാധാരണ മതിലുകള്‍ക്ക് ആവരണമായി പത്തടിയോളം ഉയരത്തില്‍ കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. അതിങ്ങനെ സമ്മേളനം നടക്കുന്ന നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ സ്മാരകമായ തൃശൂര്‍ റീജ്യണല്‍ തിയറ്റര്‍ വരെ നീണ്ടുകിടക്കുകയാണ്. പൊലീസും റെഡ് വളണ്ടിയര്‍മാരും മുഖ്യമന്ത്രിയുടേതുമുതല്‍ ഇങ്ങോട്ടുള്ള ജനപ്രതിനിധികളുടെ അംഗരംക്ഷകരും.. തനി പൊലീസ് ശൈലിയിലല്ലെങ്കിലും സാധാരണക്കാരന് തെല്ലൊരു ഭയം തോന്നിപ്പിക്കും വിധമുള്ള ഗതാഗത നിയന്ത്രണവും. എല്ലാം കൊണ്ടും വലിയ കോട്ടയ്ക്കകത്തേക്ക് അകപ്പെട്ട പ്രതീതിയാണിവിടം. 

കോട്ടമുഖം കൊത്തിവച്ച ഭക്ഷണ ശാല 
കൂറ്റന്‍ കരിങ്കല്‍ തൂണിന്റെയും ആനപ്പള്ളയുള്ള വലിയ മതിലുകളുടെയും അലങ്കാരത്തില്‍ ഇന്റോര്‍ സ്റ്റേഡിയത്തിന് മുന്നിലെ മൈതാനം പാതിയും പന്തലാണ്. പ്രതിനിധികള്‍ക്കുള്ള ഭക്ഷണ ശാലയാണിതിനുള്ളില്‍. അഞ്ഞൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്നുണ്ണാന്‍ പറ്റും വിധമാണ് സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. നയവും രാഷ്ട്രീയവും തത്വവും മാത്രമല്ല, ഭക്ഷണകാര്യത്തിലെ പോരായ്മകളും കമ്യൂണിസ്റ്റ് സമ്മേളനത്തിലും ചര്‍ച്ചയാവാറുണ്ട്. ഒട്ടുമിക്കിടത്തും സംഘാടകരെ ഭയപ്പെടുത്തുന്നതും അതായിരിക്കും. 

എന്നാല്‍, തൃശൂരില്‍ അത് തെറ്റും. ഭക്ഷണശാലയുടെ ചന്തവും വലുപ്പവും മാത്രമല്ലെ, ആദ്യ ദിനത്തിലെ ഉച്ചയൂണുതന്നെ പ്രതിനിധികളുടെ പരാതികളെ പമ്പകടത്തും വിധത്തിലായി കാര്യങ്ങള്‍. സമ്മേളനത്തിനായി നഗരത്തിനടുത്തെ പുത്തൂര്‍ ഗ്രാമത്തില്‍ വിളയിച്ചെടുത്ത ഒന്നാം തരം ജ്യോതി നെല്ല് അരിയാക്കിയാണ് പാകം ചെയ്തത്. സാമ്പാറും മീന്‍ കറിയും കോഴി വറുത്തതും മീന്‍ വറുത്തതും മോരും പുളിശേരിയും അഞ്ച് കൂട്ടം ചെറുകറിയും... പോരാത്തതിന് പാലടപ്രഥമനും.....പോരെ. ആദ്യമാദ്യം ഉണ്ടെണീറ്റവര്‍ക്ക് ഒന്നു കണ്ണടയ്ക്കാനും സമയം ധാരാളം കിട്ടിക്കാണും. വൈകീട്ട് മൂന്നോടെയാണ് പ്രതിനിധി സമ്മേളനം പുനരാരംഭിച്ചത്.

തനി രാഷ്ട്രീയ തലസ്ഥാനം; തിരക്കിട്ട ചര്‍ച്ച പുറത്തും
സമ്മേളനങ്ങള്‍ പലതും നടന്നിട്ടുണ്ടെങ്കിലും ഇങ്ങനൊരു സംഭവം ആദ്യായിട്ടാ... തൃശൂരുകാര്‍ തമ്മില്‍ തമ്മില്‍ പറയുകയാണ്. സമ്മേളനത്തിനകത്തെ ചര്‍ച്ചയാണ് കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അനക്കമുണ്ടാക്കുകയെന്നത് വസ്തുത. എന്നാല്‍, സമ്മേളനത്തിനു പുറത്തെ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ തല്പരരായ ആള്‍ക്കൂട്ടങ്ങളും. കണ്ണൂര്‍ കൊലപാതകവും ഇ.പി ജയരാജന്റെ പ്രസ്താവനയും പിണറായിയുടെ അതൃപ്തിയും യെച്ചൂരിയുടെ താക്കീതും ആദ്യദിനത്തിലെ ചര്‍ച്ചകളിലേക്ക് കടന്നുവന്നു.

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് സിപിഎം തൃശൂരിലേക്ക് എത്തുമ്പോള്‍ മുന്നിലുള്ളത് വ്യത്യസ്തങ്ങളായ വിഷയങ്ങളാണ്. വിഭാഗീയത തീര്‍ത്തും അകന്നു നില്‍ക്കുന്ന സമ്മേളനമെന്ന സവിശേഷത ഇതുവരെ കൈവരിക്കാനായിട്ടുണ്ടെന്നതാണ് നേട്ടം. എങ്കിലും കോണ്‍ഗ്രസാണോ ബിജെപിയാണോ മുഖ്യശത്രുവെന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഭൂരിപക്ഷ നിലപാട് പൊതുചര്‍ച്ചയാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ഒന്നിച്ച് നേരിട്ടാലും സിപിഐ-എമ്മിനെ തകര്‍ക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആശ്ചര്യം ഉളവാക്കുന്നതാണെന്നതാണ് തേക്കിന്‍കാടിലെ വെടിവട്ടം പറയുന്നത്. 

സെന്‍ട്രല്‍ കമ്മിറ്റിയാകെ തള്ളിയിട്ടും തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ഉദ്ഘാടനം പ്രസംഗം പൂര്‍ത്തിയാക്കിയ സീതാറം യെച്ചൂരിയുടെ രാഷ്ട്രീയവും ഇവരുടെ വര്‍ത്തമാനത്തിലെത്തി. വോട്ടും നേട്ടവുമല്ല, രാഹുലും മോദിയുമല്ല, നയവും നീതിയുമാണ് വേണ്ടതെന്ന യെച്ചൂരിയുടെ പ്രസംഗത്തിനാണിവരുടെ കയ്യടിയും. തെക്കേചെരുവിലെ സായാഹ്നങ്ങളില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരേയൊരു അജണ്ട സിപിഎം സമ്മേളനവും അതില്‍ നിന്നുള്ള വിവരങ്ങളും മാത്രമാണ്. 

ഇ.പിക്ക് ശനിദശ 
കണ്ണൂര്‍ തലയ്ക്കുപിടിച്ച ഇ.പി ജയരാജന് സമ്മേളനത്തിലും വശപ്പിശക്. ഇ.പിയായിരുന്നു സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയുടെ താല്കാലിക അധ്യക്ഷന്‍. സമ്മേളന നടപടിക്രമങ്ങളിലെ സ്വാഗതപ്രസംഗം മറന്നു.  അനുശോചന, രക്തസാക്ഷി പ്രമേയാവതരണവും പ്രസീഡിയം കമ്മിറ്റി തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ ഉദ്ഘാടകനെ ക്ഷണിക്കുകയായിരുന്നു ഇ.പി ജയരാജന്‍. ഇതോടെ സദസും വേദിയും അമര്‍ഷത്തിലായി. സ്വാഗതം വേണ്ടേയെന്ന് നേതാക്കളും ചിരിച്ചുകൊണ്ടാണേലും ചോദിച്ചു. അമളി മനസിലായ താല്‍ക്കാലിക അധ്യക്ഷന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണനെ സ്വാഗതത്തിന് ക്ഷണിക്കുകയായിരുന്നു.

സംസ്ഥാന സമ്മേളന നടത്തിപ്പിനുള്ള കമ്മിറ്റികളെ പ്രതിനിധികള്‍ അംഗീകരിച്ചു.
ഇ പി ജയരാജന്‍, പി കെ സൈനബ, കെ സോമപ്രസാദ്, മുഹമ്മദ് റിയാസ്, ജെയ്ക്ക് സി തോമസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സ്റ്റിയറിങ്ങ് കമ്മിറ്റിയായി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കും. എളമരം കരീം (കണ്‍വീനര്‍), ടി എം തോമസ് ഐസക്ക്, പുത്തലത്ത് ദിനേശന്‍, സി പി നാരായണന്‍, ടി എന്‍ സീമ, എം ബി രാജേഷ്, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എം സ്വരാജ്, കെ കെ രാഗേഷ്, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് പ്രമേയ കമ്മിറ്റി. ക്രഡന്‍ഷ്യല്‍ കമ്മിറ്റി പി. സതീദേവി (കണ്‍വീനര്‍), എം രാജഗോപാല്‍, ഇ എ ശങ്കരന്‍, സി വി വര്‍ഗീസ്, ആര്‍ സനല്‍കുമാര്‍, ചിന്താ ജേറോം, കെ സജീവന്‍ എന്നിവരുള്‍പ്പെടുന്നതാണ്. കെ വരദരാജന്‍ (കണ്‍വീനര്‍), എം പ്രകാശന്‍ മാസ്റ്റര്‍, പി ആര്‍ വര്‍ഗീസ്, സി ദിവാകരന്‍, എസ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ ജി രാജേശ്വരി എന്നിവരാണ് മിനുട്‌സ് കമ്മിറ്റി അംഗങ്ങള്‍.

താരങ്ങളാവാന്‍   കോടിയേരിയുടെ മക്കളും
സമ്മേളനത്തിനിടെയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയിയും ബിനീഷും തൃശൂരില്‍. പ്രതിനിധികളും സംഘാടകരും കൗതുകത്തോടെയാണ് ഇരുവരെയും വീക്ഷിച്ചത്. ചുവന്ന മുണ്ടും പച്ച ജുബ്ബയുമായിരുന്നു ബിനീഷിന്റെ വേഷം. ഇവരിതെന്തുഭാവിച്ചാ ഇവിടെ' എന്ന ചോദ്യവും ചില കോണുകളിലുണ്ടായി. പലവിധ വിവാദങ്ങളാല്‍ വിഖ്യാതരായ കോടിയേരിമാര്‍ പ്രതിനിധികളായ നേതാക്കളുമായെല്ലാം സംസാരിക്കുന്നുണ്ടായി. ഇവര്‍ക്ക് പുറമെ, ക്ഷണിക്കപ്പെട്ട ഒട്ടേറെ പേരും സമ്മേളന വേദിയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 

മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍, എഴുത്തുകാരായ എം കെ സാനു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍, സി രാവുണ്ണി, സിനിമാ താരങ്ങളായ ഇന്നസെന്റ് എംപി, കെപിഎസി ലളിത, എം മുകേഷ് എംഎല്‍എ, വി.കെ ശ്രീരാമന്‍, ജയരാജ് വാര്യര്‍, പ്രേംകുമാര്‍, സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, കമല്‍, പ്രിയനന്ദന്‍, ആഷിഖ് അബു, നര്‍ത്തകി നീന പ്രസാദ്, ഗായകന്‍ കല്ലറ ഗോപന്‍, എകെജിയുടെ മകള്‍ ലൈല, ഇ കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍, കെ കെ എന്‍ കുറുപ്പ്, എം.വി നികേഷ് കുമാര്‍ തുടങ്ങിയവരെല്ലാം ഉദ്ഘാടന സമ്മേളനത്തിലെ പ്രത്യേകം ക്ഷണിതാക്കളായിരുന്നു. ഇവരെ സമ്മേളനം ഉപഹാരം നല്‍കി ആദരിച്ചു.


പുതുതലമുറയ്ക്ക് സിപിഐ-എമ്മിന്റെ കമ്യൂണിസ്റ്റ് ചരിത്രം 
പുതുതലമുറയ്ക്കായി രാഷ്ട്രീയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ഒന്നാം ഭാഗം പ്രകാശനം ചെയ്തു. സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിറ്റ് ബ്യൂറോ അംഗം എസ രാമചന്ദ്രന്‍ പിള്ളക്ക് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം ചെയ്തത്.  1940 വരെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല ചരിത്രമാണ് പുസ്തകത്തിന്റെ ഒന്നാം വല്യത്തില്‍ പ്രതിപാദിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിലേക്ക് നയിച്ച സാമൂഹ്യസാമ്പത്തിക ചലനങ്ങളെ പുസ്തകം വസതുനിഷ്ഠമായി വിലയിരുത്തുന്നതായി പിണറായി വിജയന്‍ പ്രകാശന ചടങ്ങില്‍ പറഞ്ഞു. 

ലോക്കല്‍ തലം വരെയുള്ള പാര്‍ടി പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് പുസ്തകരചന. പുസ്തകത്തില്‍ പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങളെ ക്രോഡീകരിക്കുന്നതിലും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനും ചരിത്രകാരന്‍ ഡോ. കെ എന്‍ ഗണേശ് പുത്തലത്ത് ദിനേശന്‍ തുടങ്ങി നിരവധി പേരുടെ സേവനം പ്രയോജനപ്പെടുത്തി. പിണറായി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ആധാരമാക്കി പുസ്തകം പുറത്തിറക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനും കോടിയേരി ബാലകൃഷ്ണന്‍ കണ്‍വീനറുമായ ചരിത്രരചനാ സമിതിയെ ഇതിനായി നിയോഗിച്ചു. അടുത്ത വാല്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios