കൊടുങ്ങല്ലൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. ഇതിനിടെ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും പെരിഞ്ഞനത്തെ ഭണ്ഡാര മോഷണക്കേസിന് നിർണായക തെളിവു ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് വടകരയിൽ നിന്നാണ് കൊടുങ്ങല്ലൂർ എസ് ഐ ഇ.ആർ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ആഷികിനെ പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പൊലീസ് പിടിയിലായ ആഷിഖ്.
ഫെബ്രുവരി 24നാണ് കൊടുങ്ങല്ലൂർ ശൃംപുരത്തെ കമലോത്ഭവന്‍റെ വീട്ടിൽ കവർച്ച നടന്നത്. പൂട്ടിയിട്ട വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടര പവൻ സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വീട്ടിൽ പ്രതികൾ ഉപേക്ഷിച്ച കടലാസ് കഷണമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വീടിനടുത്തുള്ള ചേരമാൻ പള്ളിയിലെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതികളെയും അവർ സഞ്ചരിച്ച കാറും പൊലീസ് തിരിച്ചറിഞ്ഞു. കേസിൽ ആഷിഖിന്‍റെ സഹായിയായ റിജാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരിഞ്ഞനത്ത് ഒരു മാസം മുൻപ് ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നത് ആഷിക് ഉൾപ്പടെയുള്ള സംഘമാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.സ്ഥിരം മോഷ്ടാവായ ആഷിക് പാവറട്ടിയിൽ 220 പവൻ സ്വർണ്ണം കവർന്ന കേസിലും പ്രതിയാണ്. ,മട്ടാഞ്ചേരി ,തോപ്പുംപടി ,ചാവക്കാട് ,എറണാകുളം ,പള്ളുരുത്തി എന്നീ സ്റ്റേഷനുകളിൽ നിരവധി കവർച്ചാ കേസുകളിലും ,അടിപിടി ,കഞ്ചാവ്, പോക്കറ്റടി ,മണൽകടത്ത് തുടങ്ങിയ കേസുകളിലും ആഷിഖ് പ്രതിയാണ്.
