ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് അട്ടിമറി ശ്രമമെന്ന് ആരോപണം. അന്വേഷണം കൈമാറുന്നതില്‍ എതിർപ്പറിയിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി.
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് അട്ടിമറി ശ്രമമെന്ന് ആരോപണം. അന്വേഷണം കൈമാറുന്നതില്‍ എതിർപ്പറിയിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി.
ക്രൈംബ്രഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം ഡിജിപിയും ഐജിയും ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കം. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നത്.
നിലവിലെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണസംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഡിജിപിയുടെയും ഐജിയുടെയും ഇടപെടല്‍ സംശയാസ്പദമാണെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോർജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അന്വേഷണ സംഘത്തെ മാറ്റാനുള്ള നീക്കം സംശയാസ്പദമാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. നിലവിലെ അന്വേഷണം സംഘത്തലവന്‍ കെ സുഭാഷിനോട് അന്വേഷണം മാറ്റുന്നതിനെ കുറിച്ച് എസ്പി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. പാലായുടെയും വൈക്കത്തിന്‍റെയും ചുമതലയും ഇപ്പോള്‍ അന്വേഷണസംഘത്തലവിന്‍ കെ സുഭാഷിനാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അധികഭാരമുള്ളതിനാല്‍ ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് മാറ്റണോ എന്ന് പരിശോധിക്കാനായിരുന്നു ഡിജിപി നിര്‍ദേശം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ഹരീഷിനോട് വാക്കാല്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടിനനുസരിച്ച് മാത്രമെ ക്രൈംബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച നടപടിയുണ്ടാകൂ എന്നാണ് എസ്പി അറിയിച്ചിരിക്കുന്നത്.
