Asianet News MalayalamAsianet News Malayalam

സനല്‍കുമാറിന്‍റെ കൊലപാതകം: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും

കാവുവിള സ്വദേശി സനൽകുമാറിന്‍റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും. സനൽകുമാറിനെ ഡിവൈഎസ്‌പി ഹരികുമാര്‍ വാഹനത്തിന് മുന്‍പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒളിവിൽ പോയ ഡിവൈഎസ്‌പി കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്...

crime branch may take investigation on neyyattinkara murder case today
Author
Thiruvananthapuram, First Published Nov 8, 2018, 6:36 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിന്‍റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുൻകൂർ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഹരികുമാർ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. 

ഒളിവിൽ പോയ ഡിവൈഎസ്‌പി ഹരികുമാറിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച കൊടങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ബിനുവിന്‍റെ വീടിന് സംരക്ഷണം ഏർപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. 

കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് കാവുവിള സ്വദേശി സനൽകുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്‌പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. സനലിനെ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്‌പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎസ്‌പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഡിവൈഎസ്‌പിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. 

Follow Us:
Download App:
  • android
  • ios