തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ബി.ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.  കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്.

ഡിവൈഎസ്പി ഹരികുമാര്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമതത്തിയതായും വ്യക്തമാക്കുന്നുണ്ട്. പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ തന്നെ  പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈെഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിട്ടില്ല. അതിനിടെയാണ് ഹരികുമാറിന്‍റെ മുന്‍കൂർ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കുന്നത്.