മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം കമലേഷ് പാണ്ഡേയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്നാണ് ബന്ധുക്കള്‍ പറയുന്നതെങ്കിലും,
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.കഴിഞ്ഞ ദിവസമാണ് കുറ്റാന്വേഷണ പരിപാടികളിലൂടെ ശ്രദ്ധേയനായ ടെലിവിഷന്‍ താരം കമലേഷ് പാണ്ഡേയ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍  കണ്ടെത്തിയത്.

മധ്യപ്രദേശ് ജബല്‍പൂരിലെ  ഭാര്യാ സഹോദരിയുടെ വീട്ടില്‍  വെച്ച് പാണ്ഡേ സ്വയം വെടിവെക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഭാര്യാസഹോദരിയുടെ മകളുടെ  വിവാഹം ക്ഷണിക്കാത്തതില്‍ ദുഖിതനായിരുന്ന കമലേഷ്  പാണ്ഡേ ഇതേച്ചൊല്ലി കുടുംബാംഗങ്ങളുമായി വഴക്കിട്ടിരുന്നു.
വഴക്കിനൊടുവില്‍  ആദ്യം അലക്ഷ്യമായി വെടിവെച്ച കമലേഷ് പിന്നീട് സ്വന്തം നെഞ്ചിലേക്കും നിറയൊഴിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പാണ്ഡേ മരണത്തിന് കീഴടങ്ങിയിരുന്നു. മരണ സമയത്ത് കമലേഷ് അമിതമായി മദ്യപിച്ചിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബന്ധുക്കളുടെ മൊഴി കണക്കിലെടുക്കുന്നുണ്ടെങ്കിലും കേസില്‍  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.