കാസർഗോഡ്: അന്തർ സംസ്ഥാന മോഷണക്കേസുകളിലുൾപ്പെടെ പ്രതിയായ കൊടും കുറ്റവാളി കാസർഗോഡ് പൊലീസിന്റെ പിടിയിലായി. കുന്പള ഉളുവാർ സ്വദേശി അബ്ദുൾ ലതീഫാണ് പൊലീസ് പിടിയിലായത്. തന്നെ പിടികൂടാനായെത്തിയ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ് ലത്തീഫ്.
രഹസ്യ വിവരത്തെ തുടർന്ന് കുമ്പള കട്ടത്തടുക്കയിലെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് അബ്ദുൾ ലത്തീഫ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരുമാസക്കാലമായി ലത്തീഫിനെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്. മണൽകടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാൻ ഓഗസ്ത് ഇരുപത്തി അഞ്ചിന് കുമ്പള പൊലീസ് ലത്തീഫിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് എസ്.ഐയെ തട്ടിമാറ്റി പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു പ്രതി. പിടികൂടാനായി പുഴയിലിറങ്ങിയിൽ മുക്കികൊല്ലുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ലത്തീഫിനെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിരുന്നു. നിരവധി ശ്രമങ്ങൾക്കൊടുവിലാണ് പ്രതി പൊലീസ് വലയിലായത്.
എട്ടുവർഷം മുമ്പ് മണൽക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന് വിവരങ്ങൾ ചോർത്തികൊടുത്തെന്നാരോപിച്ച് അരിക്കാടി സ്വദേശി സമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ലത്തീഫ്. കൂടാതെ കേരളത്തിലും കർണാടകയിലും ഗോവയിലുമായി കവർച്ച പണം തട്ടിപ്പ് ഉൾപ്പടെ പന്ത്രണ്ടോളം കേസുകൾ വേറേയും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
