സംസ്ഥാനത്തെ ഏടിഎമ്മുകളിലും ബാങ്ക് ശാഖകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി കള്ളപ്പണം തടയാന്‍ ഫലപ്രദമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

കാത്തിരുന്നിട്ടും അഞ്ഞൂറിന്റെ നോട്ട് കേരളത്തിലെത്തിയില്ല. എന്ന് വരുമെന്ന് ബാങ്കുകള്‍ക്കും വിവരമില്ല. നഗരപ്രദേശങ്ങളിലെ ഏടിഎമ്മുകളിലേക്ക് അണമുറിയാതെ ആളെത്തുന്നു. എസ്ബിടിയുടെ മൊബൈല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ എടിഎമ്മുകളിലെ കാശു തീരാതിരിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് കരുതലെടുക്കുന്നുണ്ട്. നോട്ടുമാറാന്‍ ബാങ്കിലെ തിരക്കിനും ചില്ലറക്ഷാമത്തിനും പക്ഷെ യാതൊരറുതിയുമില്ല.

വലിയ കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി.

പ്രശ്‌ന പരിഹാരം നീളുമ്പോള്‍ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. തിരുവനന്തപുരത്തെ ആര്‍ബിഐ റീജണല്‍ ഓഫീസിലേക്ക് ഡി വൈ എഫ്‌ ഐ, സി പി ഐ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥന സര്‍ക്കാറിന്റെ വരുമാനത്തിലും നോട്ട് പ്രതിസന്ധി കാര്യമായ കുറവുണ്ടായിട്ടുണ്ട്.