ന്യൂറോ ഇന്‍റര്‍വെൻഷണൽ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നും മറ്റുള്ളവ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും അധികൃതര്‍
തിരുവനന്തപുരം:ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചികിത്സ മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതര്‍. ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികൾ തുടരുന്നതിനാലാണ് ചില ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ന്യൂറോ ഇന്‍റര്‍വെൻഷണൽ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നും മറ്റുള്ളവ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു. കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയോളജി ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ മുൻ നിശ്ചയിച്ചപോലെ നടക്കുമെന്നും അധികൃതര്‍ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ നിർത്തി വയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് നൽകിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് വർഷമായി കരാർ പുതുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. പുറത്ത് നിന്ന് ഉപകരണങ്ങൾ വാങ്ങാൻ തയ്യാറായിട്ടും രോഗികളെ മടക്കി അയക്കുകയാണിപ്പോൾ ആശുപത്രി അധികൃതർ.
ദേശീയ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനങ്ങളായ എയിംസ്, ജിംപർ, നിംഹാൻസ്, ശ്രീചിത്ര പോലെയുള്ള സ്ഥാപനങ്ങളിൽ വർഷാവർഷം ഉപകരണങ്ങൾക്കും മരുന്നിനുമുള്ള കരാറുകൾ പുതുക്കണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് കരാർ പുതുക്കിയില്ല. മിനിമം സ്റ്റോക്ക് ആശുപത്രിയിലെത്തിച്ച്, ചെലവാകുന്നത് അനുസരിച്ച് ബിൽ ചെയ്യുന്നതായിരുന്നു രീതി. കരാർ പുതുക്കാതിരുന്നിട്ടും കഴിഞ്ഞ വർഷം വരെ കരാറുകാർ സ്റ്റോക്ക് എത്തിച്ചിരുന്നു. ഈ വർഷവും പുതിയ കരാർ ഒപ്പിടാതിരുന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സ്റ്റോക്ക് മുഴുവൻ കരാറുകാർ എടുത്തുകൊണ്ടുപോയി. ഇതോടെയാണ് ചികിത്സയും ശസ്ത്രക്രിയകളും പൂർണമായും മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം ശ്രീചിത്രയിലെത്തിച്ച 49കാരന് ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു. ഒടുവിൽ ലക്ഷങ്ങൾ മുടക്കി, സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്തക്രിയ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. എന്നാല്‍, കത്തിനോട് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് കരാർ പുതുക്കാത്തത് എന്നതിലും വിശദീകരണമില്ല. എയിംസും ജിംപറും അടകമുള്ള സ്ഥാപനങ്ങൾ 2023ൽ കരാർ പുതുക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര പദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരങ്ങൾ ഉറപ്പാക്കി. എന്തുകൊണ്ടാണ് അമൃത് പദ്ധതിയിൽ പോരും ചേരാത്തത് എന്നതിലും ശ്രീചിത്ര അധികൃതർ സ്വന്തം ജീവനക്കാർക്ക് പോലും മറുപടി നൽകിയിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവച്ചെന്ന് രോഗികളെ അറിയിക്കുന്നുണ്ട്. അടിയന്തര ചികിത്സ തേടിയെത്തുന്നുവരുടെ കാര്യമാണ് കൂടുതൽ കഷ്ടം. അതേസമയം, പ്രതിസന്ധി ഉടൻ തീർക്കുമെന്നാണ് ശ്രീചിത്രാ അധികൃതരുടെ വിശദീകരണം.


