ദില്ലി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നതിനു ശേഷം സുപ്രീംകോടതിയിൽ ഉണ്ടായ പ്രതിസന്ധി തീർക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരും. പ്രശ്നപരിഹാരത്തിന് കൊളീജിയം ഇന്നോ നാളെയോ ചേരുമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസിനെ കണ്ട ബാർ കൗൺസിൽ പ്രതിനിധികൾ അറിയിച്ചിരുന്നു.

ജുഡീഷ്യറിക്കും രാജ്യത്തിനുമാകെ പ്രതിസന്ധിയുണ്ടാക്കിയ വാർത്താസമ്മേളനം നടന്ന ജസ്റ്റിസ് ജെ ചലമേശ്വറിൻറെ തുക്കളക് റോഡിലെ വസതിയിലാണ് ഇന്നലെ അനുരഞ്ജന നീക്കങ്ങൾ നടന്നത്. ഉന്നയിച്ച വിഷയങ്ങളിൽ ചീഫ് ജസ്റ്റിസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ജെ. ചലമേശ്വർ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള പൊതുതാല്പര്യ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയേയും ബാർ കൗൺസിൽ പ്രതിനിധികൾ കണ്ടു. ഇന്നലത്തെ ചർച്ചയിൽ ചീഫ് ജസ്റ്റിസും പ്രശ്നപരിഹാര ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്

മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരായ എൽ നാഗേശ്വർ റാവുവും എസ് എ ബോബ്ഡെയും മധ്യസ്ഥ നീക്കങ്ങൾക്ക് നേതൃത്വം നല്കിയേക്കും. അഞ്ചു പേരെയും ചർച്ചയ്ക്ക് ഒന്നിച്ചു കൊണ്ടു വരാനുള്ള നീക്കമാവും ഇവർ നടത്തുക. കൊളീജിയത്തിലെ ചർച്ച മതി ഫുൾ കോർട്ട് ആവശ്യമില്ല എന്നതാണ് ഇതുവരെയുള്ള സൂചന. പ്രശ്നം പരിഹരിക്കാനാണ് താല്പര്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് നല്ല സൂചനയാണെന്ന് ബാർ കൗൺസിൽ വിലയിരുത്തുന്നു. ഇന്ന് കോടതിയിലെത്തി പതിവുപോലെ കേസുകൾ കേൾക്കുമെന്നാണ് പ്രതിഷേധമുയർത്തിയ ജഡ്ജിമാരുടെയും നിലപാട്.