നാലു ലോകപ്പുകളിലും പോർച്ചുഗീസുകാരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ച നീളൻ കാലുകാരൻ
മോസ്കോ: ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മൈതാനത്ത് മാതൃക കാട്ടിയാണ് റൊണാൾഡോ മടങ്ങിയത്. പരിക്കേറ്റ ഉറുഗ്വായ് സൂപ്പര്‍ താരം കവാനിയെ താങ്ങി നടത്തിയാണ് താരം വിമർശകരുടെ അടക്കം കൈയടി നേടിയത്.
പോർച്ചുഗലിന് പുറത്തേക്കുള്ള വഴി കാട്ടിയ രണ്ട് ഗോൾ നേടിയ താരം എഡിസൻ കവാനി. പക്ഷെ കവാനി പരിക്കേറ്റു വലഞ്ഞപ്പോൾ ഓടിയെത്തിയത് തോറ്റ ടീമിന്‍റെ ക്യാപ്റ്റൻ റോണോ. മൈതാനം നിറഞ്ഞ് കയ്യടിച്ചു.ഒരു പക്ഷേ ലോകകപ്പിലെ റോണോയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുക ഇങ്ങനെയൊക്കെയാവും.
പോർച്ചുഗലെന്നാൽ ഇന്ന് റോണോ ആണ്. നാലു ലോകപ്പുകളിലും പോർച്ചുഗീസുകാരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ച നീളൻ കാലുകാരൻ. അതുകൊണ്ട് തന്നെ റോണോ മടങ്ങിയാൽ അസ്തമിക്കുക ഒരു ജനതയുടെ ആകെ ലോകകപ്പ് മോഹങ്ങളാണ്. അല്ലെങ്കിൽ പ്രായം വെറു സംഖ്യകളായി മാറണം.
2006 ലെ ലോകകപ്പ് സെമി മാത്രമാണ് റോണോയുടെ കണക്ക് പുസ്തകത്തിൽ തെളിഞ്ഞ് കാണുന്ന ലോകകപ്പ് ഓർമ. പക്ഷെ അന്ന് ലൂയി ഫിഗോയെ പോലെ പ്രതിഭകൾക്കൊപ്പം നിന്നാൽ മതിയായിരുന്നു. പക്ഷെ ഒറ്റയ്ക്ക് നിന്ന് കിരീടം നേടി കാട്ടി തന്നു 2016 യൂറോ കപ്പിൽ. പോർച്ചുഗലിന്‍റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര കിരീടം. ഫൈനലിൽ വീണു പോയ റോണോ സൈഡ് ലൈനിൽ നിന്ന് ടീമിനെ നയിച്ചു.
പ്രായം തോൽക്കുമെന്ന് വിശ്വസിക്കുന്നവർ ആ ഫൈനൽ കണ്ട് അഭിമാനിച്ചവരാണ്. ലോകത്ത് ഏറ്റവും കായികക്ഷമതയുള്ള താരങ്ങളിലൊരാൾ തന്നെയാണ് ഇപ്പോഴും റോണോ. എന്നാൽ പോർച്ചുഗൽ റോണോയ്ക്കായി മാറിയില്ലെങ്കിൽ പുത്തൻ താരങ്ങൾ വളർന്നു വന്നില്ലെങ്കിൽ നാലു വർഷങ്ങൾക്കപ്പുറം ഖത്തറിൽ കളിക്കാനിറങ്ങിയാലും വിധി മാറുകയുമില്ല.

