ക്രിസ്റ്റ്യാനോയെ ഒരു നോക്ക് കാണാനായെത്തിയതാണ് കുഞ്ഞ് ആരാധകന്‍
മോസ്കോ: ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി തിളങ്ങുമ്പോഴും ക്രിസ്റ്റ്യാനോ കളത്തിന് പുറത്തും സൂപ്പര് താരമാണ്. മാനുഷിക മൂല്യമുള്ള താര രാജാവ് എന്ന് ക്രിസ്റ്റ്യാനോയെ വാഴ്ത്തുന്നവരുണ്ട്. കളത്തിന് പുറത്ത് പോര്ച്ചുഗല് നായകന് അത് ഒട്ടേറെത്തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിമാനത്താവളത്തില് കരഞ്ഞുകൊണ്ട് നിന്ന കുഞ്ഞിന്റെ അടുത്തേക്ക് ഓടിയെത്തി അവനെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ വൈറലാകുകയാണ്.
താരസിംഹാസനത്തില് വിരാജിക്കുമ്പോഴും അപരന്റെ കണ്ണുനീര് തുടയ്ക്കാന് ഓടിയെത്തുന്ന ക്രിസ്റ്റ്യാനോയ്ക്ക് സോഷ്യല് മീഡിയ നിറഞ്ഞ കയ്യടിയാണ് നല്കുന്നത്. പോര്ച്ചുഗല് ടീം ലോകകപ്പില് പങ്കെടുക്കാനായെത്തിയപ്പോഴാണ് സംഭവം. ക്രിസ്റ്റ്യാനോയെ ഒരു നോക്ക് കാണാനായെത്തിയതാണ് കുഞ്ഞ് ആരാധകന്. ക്രിസ്റ്റ്യാനോയുടെ ജെഴ്സിയുമണിഞ്ഞ് ആവേശത്തിലായിരുന്നു അവന്. എന്നാല് സൂപ്പര് താരത്തെ കാണാനാകില്ലെന്ന് മനസ്സിലായപ്പോള് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരയുകയല്ലാതെ മറ്റ് വഴികളൊന്നും കുഞ്ഞ് ആരാധകന് അറിയില്ലായിരുന്നു.
സംഭവമറിഞ്ഞ ക്രിസ്റ്റ്യാനോ ഓടിയെത്തി അവനെ ആലിംഗനം ചെയ്തു. തകര്പ്പന് ചുംബനവും നല്കിയ ശേഷമാണ് ക്രിസ്റ്റ്യാനോ വാഹനത്തിലേക്ക് മടങ്ങിപോയത്.
