ക്രൊയേഷ്യന്‍ വനിതാ പ്രസിഡന്‍റിന്‍റെ ആഹ്ലാദപ്രകടനത്തില്‍ അന്തംവിട്ട് ഫുട്ബോള്‍ ലോകം

മോസ്‌‌കോ: റഷ്യന്‍ ലോകകപ്പിലെ അത്ഭുതമാണ് ലൂക്കാ മോഡ്രിച്ചിന്‍റെ ക്രൊയേഷ്യന്‍ സൈന്യം. ഡാവോര്‍ സൂക്കറിന്‍റെ 1998ലെ സുവര്‍ണ തലമുറയ്ക്ക് ശേഷം ക്രൊയേഷ്യന്‍ ടീം വീണ്ടും ലോകകപ്പില്‍ ചരിത്രം രചിക്കുന്നു. ഈ ഉയര്‍ത്തെണീപ്പ് ക്രൊയേഷ്യന്‍ ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തൂത്തെറിഞ്ഞത് അവരുടെ ആവേശം കൂട്ടി. ആരാധകര്‍ ആര്‍ത്തുവിളിക്കുകയാണിപ്പോള്‍.റഷ്യയുമായുള്ള മത്സരത്തില്‍ ഇത് ശരിക്കും പ്രതിഫലിച്ചു. ക്രൊയേഷ്യ മൈതാനത്തിറങ്ങിയപ്പോള്‍ വിഐപി ബോക്‌സില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ഒരു കട്ട ആരാധികയുണ്ടായിരുന്നു. ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്‍റായ കൊളിന്‍ഡ. കൊളിന്‍ഡ ഈ ലോകകപ്പിന്‍റെ അടയാളമായി മാറിയ ചെക്ക് ജഴ്‌സിയണിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, ഇതിഹാസ താരം ഡെവോര്‍ സൂക്കര്‍ എന്നിവര്‍ക്കൊപ്പം സീറ്റുറപ്പിച്ചു. ക്രൊയേഷ്യയുടെ ഓരോ നീക്കത്തിനും കയ്യടിച്ച് പിന്തുണ നല്‍കിയ പ്രസിഡന്‍റ് ഷൂട്ടൗട്ട് ഫലം വന്നതോടെ എഴുന്നേറ്റുനിന്ന് ആനന്ദനൃത്തമാടി. ലോകകപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നിമിഷമായി ക്രൊയേഷ്യന്‍ പ്രസിഡന്‍റിന്‍റെ ഈ ആഘോഷം. മത്സരശേഷം ടീം ഡ്രസിംഗ് റൂമിലെത്തി രാജ്യത്തിന്‍റെ അഭിമാനം കാത്ത മോഡ്രിച്ചിനെയും സംഘത്തെയും അഭിനന്ദിക്കാന്‍ കൊളിന്‍ഡ മറന്നില്ല. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ക്രൊയേഷ്യയുടെ വിജയം.