തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ നിർണായക ഉത്തരവ്. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെ കോടതി പ്രതി ചേർത്തു. തൊണ്ടിമുതൽ നശിച്ചതിനും ഗൂഡാലോചനക്കുമാണ് മൈക്കിളിനെ പ്രതി ചേർത്തത്.
സിസ്റ്റർ അഭയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥനാണ് കോട്ടയം ക്രൈം ബ്രാഞ്ച് മുൻ എസ്പി കെ.ടി.മൈക്കിള്‍. ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന അഭയയുടെ ശിരോവസ്ത്രവും ഡയറിയും അടക്കമുള്ള തൊണ്ടി മുതലുകള്‍ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ കെടി മൈക്കിളിനും മുൻ ആർഡിഒക്കും കോടതി ജീവനക്കാർക്കും പങ്കുണ്ടെന്നായിരുന്നു ഹർജിക്കാരായ ജോമോൻ പുത്തൻ പുരയ്ക്കലിൻറെ ആരോപണം. നിയമത്തിൻറെ അജ്ഞതമൂലമാണ് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ നശിപ്പിച്ചതെന്ന സിബിഐയുടെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സിബിഐ വാദം തള്ളിയാണ് മൈക്കിളിനെ കോടതി നാലാം പ്രതിയാക്കിയത്.
ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പിതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് സിബിഐ കുറ്റപത്രത്തിലെ പ്രതികള്‍. പ്രതിപട്ടികയിലുണ്ടായിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥരായ എഎസ്ഐ വിവിഅഗസ്റ്റിൻ, ഡിവൈഎസ്പി സാമുവൽ എന്നിവർ മരിച്ചു. ഫെബ്രുവരി ഒന്നിന് മൈക്കിള്‍ കോടതിയിൽ ഹാജരാകണം. കേസിൽ തുടരന്വേഷണ വേണമെന്നാവശ്യപ്പെട്ട മൈക്കിള്‍ നൽകിയ ഹർജി സിബിഐ ജഡ്ജി കെ.നാസർ തള്ളി.
