കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ ബന്ദിയാക്കി കവർച്ച നടത്തിയ സംഘത്തിന്റെതെന്നു കരുതുന്ന നിർണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഏഴ് പേരടങ്ങുന്ന സംഘമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എരൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നാണ് ഏഴംഗ സംഘത്തിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയത്.

ഇവരില്‍ ഒരാള്‍ ആയുധങ്ങള്‍ അരയില്‍ തിരുകുന്നതും മറ്റൊരാള്‍ തോര്‍ത്തുകൊണ്ട് മറച്ച എന്തോ ഒന്ന് കൈയ്യില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സംഘം ക്യാമറ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് ഇതര സംസ്ഥാനക്കാരെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഈ സംഘം തന്നെയാണ് കവര്‍ച്ചാ പരന്പരയ്ക്ക് പിന്നിലെന്നാണ് പൊലീസ് അനുമാനം. 

കവര്‍ച്ചക്കിടെ ഇവര്‍ സംസാരിച്ച ഭാഷ, അക്രമത്തിനായി തിരഞ്ഞെടുത്ത വീടുകള്‍ , അക്രമത്തിന്‍റെ സ്വഭാവം എന്നിവ പരിശോധിച്ച പോലീസ് സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളല്ല മറിച്ച് പുറത്തുനിന്നെത്തിയ പ്രൊഫഷണല്‍ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇവർക്ക് നാട്ടുകാരില്‍നിന്നോ മറ്റോ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് ഇന്നലെ രാത്രി നഗരത്തില്‍ പരക്കെ തിരച്ചില്‍ നടത്തി.വിവധിയിടങ്ങളിലായി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാന്പുകളിലും പോലീസെത്തി. അതേസമയം നഗരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയതിന്‍റെ ആശ്വാസത്തിലാണ് ജനങ്ങള്‍.