ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ മുസഫർ വാനിയെ സൈന്യം വധിച്ച പശ്ചാത്തലത്തിൽ പുൽവാമ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശ്രീനഗറിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രതിഷേധക്കാരും സൈന്യവും തെരുവിൽ ഏറ്റുമുട്ടി. കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്ന ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫിറിനെ ഇന്നലെ വൈകീട്ടാണ് വധിച്ചത്.

ഇതോടെ പുൽവാമയിലും അനന്ത് നാഗിലും പ്രതിഷേധം ശക്തമായി. സൈന്യവും പ്രതിഷേധക്കാരും തെരുവിൽ ഏറ്റുമുട്ടി. ക്രമസമാധാന നില തകർന്നതിനാൽ പുൽവാമയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാരമുള്ള ബാരിഹാൽ പാതയിൽ ട്രെയിൻ ഗതാഗതം നിരോധിച്ചു . നാളെ നടത്തേണ്ട സ്കൂൾ ബോർഡ് പരീക്ഷ മാറ്റിവച്ചു. ബേസ് ക്യാന്പിൽ നിന്നുള്ള ഒരു ദിവസത്തെ അമർനാഥ് യാത്ര റദ്ദാക്കി.

വാട്‍സ് ആപ്പ്, ഫേസ്‍ബുക്ക് എന്നിവ വഴി സന്ദേശങ്ങളും വീഡിയോയും പ്രചരിപ്പിച്ചാണ് മുസഫർ വാണി യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചിരുന്നത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ സഹോദരൻ കൊല്ലപ്പെട്ടതോടെയാണ്15-ആം വയസിൽ വാണി തീവ്രവാദ പ്രവ‍ർത്തങ്ങളിലേക്ക് നീങ്ങിയത്.