റിയാദ്: നോട്ട് പ്രതിസന്ധി ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെയും ബാധിച്ചതായി റിപ്പോര്‍ട്ട്. ഉംറക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന പല തീര്‍ഥാടകരും യാത്ര റദ്ദാക്കി.

ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ച ഉടനെയാണ് ഇന്ത്യയില്‍ നോട്ട് പ്രതിസന്ധിയും തുടങ്ങിയത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സര്‍വീസ് ഏജന്‍സികള്‍ ഓരോ തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്ന പാക്കേജ് നിരക്ക്. പുതിയ നോട്ടുകളായോ ചെക്കായോ സര്‍വീസ് ഏജന്‍സികള്‍ പണം സ്വീകരിക്കും. പക്ഷെ ബാങ്കുകളിലെ തിരക്ക് കാരണം പല തീര്‍ഥാടകര്‍ക്കും പഴയ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുന്നില്ല. ഇതോടെ പലരും ഉംറ യാത്ര റദ്ദാക്കുകയോ നീട്ടി വെക്കുകയോ ചെയ്തു. നേരത്തെ വിമാന ടിക്കറ്റുകളും ഹോട്ടല്‍ മുറികളും ബ്ലോക്ക് ചെയ്ത ചില സര്‍വീസ് ഏജന്‍സികള്‍ ഇതോടെ വെട്ടിലായി.

നോട്ടു പ്രതിസന്ധി തുടങ്ങുന്നതിനു മുമ്പ് പണം അടച്ചവരാന് ഇതുവരെ ഇന്ത്യയില്‍ നിന്നും ഉംറക്കെത്തിയവരില്‍ കൂടുതലും. എന്നാല്‍ നോട്ട് മാറാന്‍ കഴിയാത്തതിന്റെ പേരില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം കുറയുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി തീരുന്നത് വരെ ഇത് തുടരും. ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവരില്‍ നിന്ന് സൗദി ഗവണ്മെന്റ് രണ്ടായിരം റിയാല്‍ ഫീസ് ഈടാക്കി തുടങ്ങിയത് കഴിഞ്ഞ മാസമാണ്. ഇതോടൊപ്പം നോട്ട് പ്രതിസന്ധി കൂടിയായതോടെ പ്രയാസം അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും സര്‍വീസ് ഏജന്‍സികളുമുണ്ട്.