മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി

തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി മുറിച്ചതിനെ തുടര്‍ന്നാണ് ആറ് വര്‍ഷം മുന്‍പ് വിവാഹ സമയത്ത് ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം ഇപ്പോള്‍ വെള്ളി നിറമായ നിലയിലാണ്. 

ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ചതായിരുന്നു മത്തി. ഇത് വെട്ടി കഴിഞ്ഞപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ഇരു മോതിരങ്ങളും വെള്ളി നിറമായി. കേടാകാതിരിക്കാന്‍ മീനില്‍ കലര്‍ത്തിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങളാകാം നിറം മാറ്റത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവം ആരോഗ്യ വകുപ്പിനെയും പൊലീസിനേയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടന്‍ പരിശോധന നടത്തും. 

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്‌സ് കൂടിയായ ജെസി തിങ്കളാഴ്ച ഡ്യൂട്ടിക്ക് പോകും മുമ്പാണ് കറി വെക്കുവാനായി മത്തി വെട്ടാന്‍ ആരംഭിച്ചത്.