ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും സൈബര്‍ വിങ് പ്രവര്‍ത്തിക്കുക.

ഇടുക്കി: മെയ് 15 മുതല്‍ ഇടുക്കി ജില്ലയിലെ 30 പൊലീസ് സ്റ്റേഷനുകളില്‍ സൈബര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പ്രത്യേകവിഭാഗം രൂപീകരിച്ചത്. നവമാധ്യമ കൂട്ടായ്മകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം സൈബര്‍ പൊലീസ് പ്രാദേശികമായി നിരീക്ഷിക്കും. 30 സ്റ്റേഷനുകളിലും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പൊലീസുകാര്‍ക്കായിരിക്കും സൈബര്‍ വിഭാഗത്തിന്‍റെ ചുമതല.

തെരഞ്ഞെടുക്കപ്പെട്ട ടീമിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് സൈബര്‍ വിഭാഗം പരിശീലനം നല്‍കിവരികയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും സൈബര്‍ വിങ് പ്രവര്‍ത്തിക്കുക. സൈബര്‍ വിഭാഗം പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ മുന്നോടിയായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസുകളുടെ വിവരങ്ങള്‍ ജില്ലാ പോലിസ് വിഭാഗവും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും ശേഖരിച്ചുവരികയാണ്. 

വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാജ സന്ദേശങ്ങളിലൂടെ ബാങ്കിങ് തട്ടിപ്പു നടത്തുന്ന സംഘങ്ങളെക്കുറിച്ചും ജില്ലാ പൊലീസ് സൈബര്‍ വിഭാഗം അന്വേഷിക്കും. തട്ടിപ്പു നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം പൊലീസ് സൈബര്‍ വിഭാഗത്തിനു കൈമാറിയാല്‍ മതി. ഈയിടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തട്ടിപ്പുസംഘം ജില്ലയില്‍ നിന്നു പണം തട്ടിയെടുത്തിരുന്നു. ഇത്തരം കേസുകളില്‍ വിവരം നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ തിരികെയെത്തിക്കാനും പോലിസിന് ഇടപെടലിലൂടെ സാധിക്കും. 

സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു പോലിസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ സൈബര്‍ സെല്ലുകള്‍ക്കു കൈമാറുകയാണു പതിവ്. സൈബര്‍ സെല്ലുകള്‍ക്ക് കേസ് അന്വേഷിക്കാന്‍ മാത്രമാണ് അനുമതി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ല. മൊബൈല്‍ ഫോണ്‍ മോഷണം, വെബ്സൈറ്റ് ഹാക്കിങ്, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തി, സൈബര്‍ ഭീകരവാദം എന്നിവ അടക്കമുള്ളവയുടെ അന്വേഷണ ചുമതല ഇനി മുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ പൊലീസ് വിഭാഗത്തിനായിരിക്കും.