തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു പിന്നില്‍ ഓഖി ചുഴലിക്കാറ്റ്. കേരളാ തീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും, കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, തമിഴ്‌നാട്ടില്‍ കടല്‍ ഉള്ളിലേക്കു വലിഞ്ഞെന്നും സുനാമി സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അതോടൊപ്പം സുനാമി മുന്നറിയിപ്പും വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ശക്തമായ കാറ്റും, മഴയും തുടരുന്നതിനിടെ സുനാമി മുന്നറിപ്പ് ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ വിശദീകരണം നടത്തിയത്. ന്യൂനമര്‍ദത്തിന്റെ ഫലമായി രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ് വ്യഴാഴ്ച രാത്രിയേഥാടെ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റിന്റെ വേഗം 220 കിലോമീറ്റര്‍ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കലാവസ്ഥ വിഭാഗം പറയുന്നു. 

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ വീശിയടിക്കുന്നത്. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്തമഴയും, കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.