രണ്ട് ദിവസം മുമ്പാണ് ദാദ്രി കേസിലെ 18 പ്രതികളിലൊരാളായ റോബിന്‍ എന്ന രവിയെ ദില്ലിയിലെ ലോക്‌നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് രവി മരിച്ചത്. വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും ശ്വസകോശത്തിന്റെ തകരാറുമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കയില്‍ തകരാറുണ്ടായിരുന്നെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ജയിലില്‍ വച്ചേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും സുരക്ഷ ഒരുക്കുന്നതില്‍ ജയില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്നുമാണ് രവിയുടെ ബന്ധുക്കളുടെ ആരോപണം. പരാതിയില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ മരണകാരണം വ്യക്തമാകൂ. ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ മകനും ആക്രമണത്തിന് ഇരയായിരുന്നു.