പാലക്കാട് പട്ടാമ്പിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പൂജാരിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തിന് പ്രകോപനമായത് വേദപഠന ശിബിരം നടത്തിയതെന്ന് സൂചന. എന്നാല്‍ ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായ ബിജുനാരായണന് നേരെയാണ് ആക്രമണമുണ്ടായത്‍. പട്ടാമ്പി വിളയൂരിലെ ക്ഷേത്രത്തില്‍ പൂജാരിയായ ബിജുനാരായണന്‍ ആദിമാര്‍ഗ തന്ത്രവിദ്യാപീഠം എന്ന ആശ്രമവും നടത്തിവരുന്നുണ്ട്. അബ്രാഹ്മണരായവര്‍ക്കും വേദപഠനം സാധ്യമാക്കുന്നതിന് പഠനശിബിരം നടത്തിയത് ഒരു മാസം മുമ്പാണ്, ഇതില്‍ പലര്‍ക്കും അനിഷ്‌ടം ഉണ്ടായിരുന്നതായി ബിജു നാരായണന്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ക്ഷേത്രപൂജയ്‌ക്ക് പോകാനിറങ്ങിയപ്പോഴാണ് ട്രാക്ക് സ്യൂട്ടും തൊപ്പിയും അണിഞ്ഞ ഒരാള്‍ തനിക്ക് നേരെ ആസിഡ് ഒഴിച്ചതെന്നാണ് ബിജുനാരായണന്‍, പൊലീസിന് നല്‍കിയ മൊഴി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബിജു നാരായണന് 18 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.