എം.ജി. സര്‍വ്വകലാശാലയിലെ ഗവേഷക ദീപ പി മോഹനെയാണ് പോലീസ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് എം.ജി. സര്‍വ്വകലാശാലയിലെ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെതിരെ ദീപ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു.
ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എ.ജി. ലാല്‍ ഇതെക്കുറിച്ച് അന്വേഷിച്ച് ദീപക്കെതിരായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദീപ നല്‍കിയ പരാതി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതെക്കുറിച്ച് പരാതിപ്പെടാനാണ് ഉച്ചയോടെ ദീപ കോട്ടയം എസ്.പി. ഓഫീസിലെത്തിയത്.
തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ദീപയുടെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ ദീപയെ കാണാന്‍ എസ്.പി. എന്‍. രാമചന്ദ്രന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് ദീപ ഫേസ്ബുക്ക് ലൈവില്‍ വന്നു. ഇതിന് പിന്നാലെ വനിതാ പൊലീസ് ദീപയെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ദീപയെ കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതി തള്ളിക്കളഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിലപാട്.
