ഒരേ ജാതിയിലുള്ളവരാണെങ്കിലും തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ പ്രേമിച്ചതിലുള്ള ദേഷ്യം കാരണമാണ് 19 വയസുകാരിയായ പരംജീത് കൗര്‍ പെണ്‍കുട്ടിയെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജയ്പൂര്‍: യുവാവിനൊപ്പം ഒളിച്ചോടിയ ശേഷം പൊലീസ് ഇടപെട്ട് തിരികെ വീട്ടിലേക്ക് കൊണ്ടുവന്ന പെണ്‍കുട്ടിയെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ശ്രീഗംഗനഗറിലാണ് സംഭവം.

ഒരേ ജാതിയിലുള്ളവരാണെങ്കിലും തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ പ്രേമിച്ചതിലുള്ള ദേഷ്യം കാരണമാണ് 19 വയസുകാരിയായ പരംജീത് കൗര്‍ പെണ്‍കുട്ടിയെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ അതേ ഗ്രാമത്തിലുള്ള യുവാവിനൊപ്പം ഇവരെ പൊലീസ് കണ്ടെത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസിനോട് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചശേഷം രണ്ട് പേരുടെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പിന്നീട് വിവാഹ ചടങ്ങുകള്‍ നടത്താമെന്ന ഉറപ്പില്‍ ഇരുവരെയും വീടുകളിലേക്ക് അയച്ചു. 

വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ അച്ഛന്‍ ബല്‍ബീര്‍ തയ്യാറായില്ല. ഭാര്യയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുറത്തുപോയ ഇയാള്‍ പുതിയ കോടാലിയുമായാണ് തിരിച്ചെത്തിയത്. പിറ്റേദിവസം രാവിലെ എഴുനേറ്റ് കോടാലിയുമെടുത്ത് മകള്‍ ഉറങ്ങുന്ന മുറിയിലേക്ക് കടന്ന് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കഴുത്തിലും തലയിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പൊലീസിന് കൈമാറി.