1998 ലോകകപ്പില്‍ ക്രൊയേഷ്യയെ സെമിയിലെത്തിച്ചു സുക്കര്‍

മോസ്‌കോ: ലോക ഫുട്ബോളില്‍ ക്രൊയേഷ്യയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത താരമാണ് ദാവോര്‍ സുക്കര്‍. ലോകകപ്പിൽ ഇത്തവണ അവിശ്വസനീയ മുന്നേറ്റം നടത്തുമ്പോൾ ക്രൊയേഷ്യൻ ഫുട്ബോളിന്‍റെ അമരക്കാരനാണ് സുക്കര്‍. ക്രൊയേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രസിഡന്‍റായാണ് റഷ്യയില്‍ സുക്കര്‍ എത്തിയിരിക്കുന്നത്. 

1998ലെ ലോകകപ്പ് അരങ്ങേറ്റം സ്വപ്ന തുല്യമാക്കിയതിന് ക്രൊയേഷ്യ കടപ്പെട്ടിരിക്കുന്നു ദാവോര്‍ സുക്കറിനോട്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെയും ജമൈക്കയെയും മറികടന്നത് സുക്കറിന്‍റെ മികവില്‍. പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയയ്ക്കെതിരെ നേടിയ ഏക ഗോളിന് ഉടമയും ഈ ഒന്‍പതാം നമ്പറുകാരന്‍. ‍ക്വാര്‍ട്ടറില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചപ്പോഴും സെമിയില്‍ ഫ്രാന്‍സിനോടും തോറ്റപ്പോഴും ആ കാലുകൾ ലക്ഷ്യം കണ്ടു. 

ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ഷൂവും, മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ബോളും നേടി ഫ്രാന്‍സില്‍ നിന്ന് മടക്കം. ആ വര്‍ഷം ബാലന്‍ ദിയോര്‍ പുരസ്കാര പട്ടികയില്‍ സിനദിന്‍ സിദാന് പിറകിൽ രണ്ടാമതെത്തി റയല്‍ മാഡ്രിഡിന്‍റെ കൂടി താരമായ സുക്കര്‍. ക്രൊയേഷ്യയെന്ന കൊച്ചുരാജ്യത്തിന് പ്രതീക്ഷിക്കാവുന്നതിലും വലുതായിരുന്നു ഈ നേട്ടങ്ങൾ. 

ഇരുപത് വര്‍ഷത്തിനിപ്പുറം ക്രൊയേഷ്യന്‍ ഫുട്ബോൾ ഫെഡറേഷന്‍റെ തലവനായി മറ്റൊരു ചരിത്ര നേട്ടത്തിലും പങ്കാളിയാവുകയാണ് സുക്കര്‍. ക്രൊയേഷ്യക്കാരെയെല്ലാം ഒറ്റനൂലില്‍ ചേര്‍ത്തു വെയ്ക്കുന്ന ശക്തിയാണ് ഫുട്ബോളെന്നാണ് സുക്കരിന്‍റെ അഭിപ്രായം. 1998 ഞങ്ങൾ അടിത്തറ പാകി. അതിനു മുകളിൽ സ്വപ്നം പണിതുയര്‍ത്തുകയാണ് ഇപ്പോൾ മോഡ്രിച്ചും സംഘവും. ഫുട്ബോളാണ് ലോകത്തെ ഏറ്റവും വിശുദ്ധമായകാര്യമെന്ന് പറഞ്ഞു നിര്‍ത്തുന്നു സുക്കര്‍.