മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിട്ടുള്ളത്. മാര്‍കോസ് റോഹോയ്ക്ക് പകരം ഗബ്രിയേല്‍ മെര്‍ക്കാഡോ കളിക്കും.

മോസ്‌കോ: ക്രൊയേഷ്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ കളിക്കില്ല. മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിട്ടുള്ളത്. പ്രതിരോധത്തില്‍ മാര്‍കോസ് റോഹോയ്ക്ക് പകരം ഗബ്രിയേല്‍ മെര്‍ക്കാഡോ കളിക്കും. മധ്യനിരയില്‍ ലുകാസ് ബിഗ്ലിയയ്ക്ക് പകരം എന്‍സോ പെരസ് ആദ്യ ഇലവനിലെത്തി. മുന്നേറ്റത്തില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പകരം മാര്‍കോസ് അക്യൂനയും കളിക്കും.

നേരത്തെ, വ്യാപക മാറ്റങ്ങളോടെയായിരിക്കും അര്‍ജന്റീന ഇറങ്ങുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ക്രിസ്റ്റ്യന്‍ പാവോന്‍ ആദ്യ ഇലവനിലെത്തുമെന്നായിരുന്നു പ്രധാന സംസാരവിഷയം. ഐസ്‌ലന്‍ഡിനെതിരേ പാവോന്‍ ഇറങ്ങിയ ശേഷമാണ് ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടായത്. മാത്രമല്ല, ജിയോവനി സെല്‍സോയും ആദ്യ ഇലവനില്‍ ഇടം കണ്ടെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എങ്കിലും പിഎസ്ജി യുവതാരം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.

അവസാനം ഡിബാലയും കളിക്കുമെന്ന് പറയപ്പെട്ടിരുന്നു. ഡിബാലയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമുണ്ടായിരുന്നു. ഡിയേഗോ മറഡോണ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുവന്റസ് താരത്തിന് പുറത്തിരിക്കാനാണ് വിധി. അര്‍ജന്റൈന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ക്രൊയേഷ്യക്കെതിരായ ലൈനപ്പ്.