മുംബൈ: മുംബെയിലെ കാശിമിറ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുട്ടില്‍ തപ്പി പൊലീസ്. പൊക്കിള്‍ കൊടി പോലും വേര്‍പ്പെടുത്താത്ത നിലയിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. ഈ കഴിഞ്ഞ ഞായറാഴ്ച്ച അര്‍ദ്ധരാത്രിയാണ് മുംബൈയിലെ കാശിമിറ റോഡില്‍ പരിസര വാസികള്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

സമീപവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശരീരം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. ശിശുവിന് ഒരു ദിവസത്തെ പ്രായമെ ഉള്ളൂവെന്നും പൊക്കിള്‍കൊടി പോലും വേര്‍പ്പെടുത്താത്ത നിലയില്‍ ആയിരുന്നു ശരീരം എന്നും പൊലീസ് അറിയിച്ചു.

പരിസര പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്. പ്രസവ ആശുപത്രികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തില്‍ ഒരു തുമ്പും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.