കോഴിക്കോട്: സാമൂഹ്യ സുരക്ഷാ മിഷന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിശപ്പുരഹിത നഗരം പദ്ധതിയുടെ കാന്‍റീനിലെ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം ലഭിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ കാന്‍റീന്‍ അടപ്പിച്ചു. ഇന്നലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിയായ യുവതി ഭക്ഷണം കഴിക്കുമ്പോഴാണ് എലിയുടെ വാലിന്‍റെ അവശിഷ്ടം ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ ചുറ്റുമുള്ള ആളുകള്‍ ബഹളം വയ്ക്കുകയുമായിരുന്നു. 

ഉടന്‍ തന്നെ അധികൃതര്‍ യുവതിയെ അത്യാഹിത വിഭാഗത്തില്‍ പരിശോധനക്ക് വിധേയയാക്കുകയും അല്പം കഴിഞ്ഞ് യുവതി സ്വമേധയാ ആശുപത്രി വിട്ട് പോവുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാന്‍റീന്‍ ഉപരോധിച്ചതോടെയാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം കാന്‍റീന്‍ അടച്ചുപൂട്ടാന്‍ തയ്യാറായത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഏലിയാമ്മ, ആശുപത്രി സൂപ്രണ്ടിന്‍റ് ചാര്‍ജ് വഹിക്കുന്ന ഡോ: സുനില്‍ കുമാര്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രേഖാമൂലം എഴുതി വാങ്ങിയതിന് ശേഷമാണ് സമരക്കാര്‍ പിന്‍മാറിയത്. 

എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ എലിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ച യുവതി പരാതി നല്‍കിയിട്ടില്ലെങ്കിലും അന്വേഷണ വിധേയമായി കാന്‍റീന്‍ അടയ്ക്കുകയാണുണ്ടായത്. ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ട സാഹചര്യത്തില്‍ ഭക്ഷണം വിളമ്പുന്നതിന്ന് മുമ്പ് പരിശോധിക്കേണ്ട ആശുപത്രി ഉദ്യോഗസ്ഥര്‍, കാന്‍റീന്‍ ജീവനക്കാര്‍, എന്നിവര്‍ക്കെല്ലാം നേരെ സമഗ്രമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ആവശ്യപ്പെട്ടു. 

2010 ല്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പുരഹിത നഗരം പദ്ധതി. പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത അവസ്ഥയില്‍ ആരും ഉണ്ടാകരുതെന്ന ഉദ്യേശത്തോടെയാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ സൗജന്യമായി ഉച്ച ഊണ്‍ വിതരണം ചെയ്തു വരുന്നത്. പദ്ധതി നടപ്പിലാക്കുന്ന കാലയളവില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം നവീകരിക്കുകയും ചെയ്തിരുന്നു.

ആയിരം പേര്‍ക്ക് ഒരേ സമയം ഊണ്‍ തയ്യാറാക്കുന്നതിനുള്ള ബോയിലറുകളും ഫര്‍ണീച്ചറുകളും അനുബന്ധ ഉപകരണങ്ങളുമുള്‍പ്പടെ അറുപത് ലക്ഷത്തിലധികം തുക ചിലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ കരാര്‍ വ്യവസ്ഥയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്.12 മണി മുതല്‍ 2 മണി വരെ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം കൊണ്ടു പോകുന്നതിന്നും ഭക്ഷണം കൊണ്ട് പോകാന്‍ വരുന്ന ആള്‍ക്ക് കാന്‍റീനില്‍ നിന്ന് കഴിക്കാന്‍ സൗകര്യവുമുണ്ട്.