തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപകമായ നാശനഷ്ടം. മഴക്കെടുതിയില്‍ മരണം ആറായി. കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു. തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) ആണ് മരിച്ചത്.കാഞ്ഞങ്ങാട്ട് വെളളക്കെട്ടില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു. കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ മുഹമ്മദ് അന്‍സിഫിന്‍റെ മകള്‍ ഫാത്തിമ സൈനബാണ് (4 വയസ്സ്) മരിച്ചത് .  കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാസര്‍ഗോഡ് അ‍ഡൂരില്‍ ഒരാള്‍ മരിച്ചു. ചെനിയനായ്‍ക് എന്നയാളാണ് മരിച്ചത്.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പെരുങ്കിടവിള സ്വദേശി ദീപ (40)  ആണ് മരിച്ചത്. കോഴിക്കോട് ചാലിയത്ത് തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ഗുരിക്കൾകണ്ടി  ഖദീജ (60) ആണ് മരിച്ചത് . മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്. അതേസമയം, കനത്തമഴയില്‍ ദേവികുളം താലൂക്കില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട് കളക്ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.

അതേസമയം, പള്ളിവാസലിലെ പാറച്ചെരുവില്‍ വീടിന് മുകളില്‍ കൂറ്റന്‍മരം വീണു. വീടുനകത്ത്  ഉറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പള്ളിവാസല്‍ വൈസ് പ്രസിഡന്റിന്റെ കുടുംബമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. മൂന്നാറിലെ മാര്‍ത്തോമ റിട്രീറ്റ് സെന്ററിന് മുകളിലും വലിയ മരം വീണെങ്കിലും മുറിയ്ക്കുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. മൂന്നാറിലെ അന്തോണിയാര്‍ കോളനിയിലുണ്ടായിരുന്ന കുരിശടിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് തിരുസ്വരൂപങ്ങളടക്കം നശിച്ചു. മലകളുടെ താഴ്‌വരകളിലും മണ്‍ചെരിവുകള്‍ക്കും ചേര്‍ന്നുള്ള വീടുകള്‍ ഭീഷണിയിലായി. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നിരവധി മരങ്ങള്‍ കടപുഴകി റോഡിലേയ്ക്ക് വീണു. എല്ലപ്പെട്ടിയില്‍ റോഡിലേയ്ക്ക് വലിയ മരം വീണത് മൂലം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കാറ്റ് ശക്തമായി തുടരുന്നത് മേല്‍ക്കൂര ഷീറ്റ് പതിച്ചിരിക്കുന്ന വീടുകള്‍ക്ക് ഭീഷണിയായി. മഴ കനത്തതോടെ അരുവികളിലും തോടുകളിലും നീരൊഴുക്ക് ശക്തമായിട്ടുണ്ട്.

കടലുണ്ടിയിൽ റെയിൽവേ പാളത്തിൽ മരം വീണ് മംഗലാപുരം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ ഒരു മണിക്കൂർ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മഴ ശക്തമായതോടെയാണ് പാളത്തിലേക്ക് മരം വീണത്. ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ മത്സ്യ തൊഴിലാളികൾക്കുള്ള ജാഗ്രതാനിർദ്ദേശം തുടരുകയാണ്.