ആലപ്പുഴ: കഴിഞ്ഞ വര്‍ഷം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് സമാനമായി ഈ നവംബറിലും ആലപ്പുഴയില്‍ പക്ഷി പനി പടരുന്നതായി സംശയം. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ താറാവുകള്‍ ജില്ലയില്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ പത്തു ദിവസമായി താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോതോലുത്തറ സന്തോഷ്, സതീഷ്, സത്യന്‍ എന്നിവരുടെ 1000 ത്തോളം താറാവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിരുന്നു. കഞ്ഞിപ്പാടം കാവില്‍ ഭാഗം പാടശേഖരത്ത് തീറ്റക്കായി ഇറക്കിയ താറാവുകളാണ് രോഗം ബാധിച്ച് ചത്തത്.
പക്ഷികളെ പരിശോധിച്ച വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പക്ഷികള്‍ക്കു വരുന്ന ഹൃദ്രോഗത്തിനുള്ള മരുന്നുകളായ സൂപ്പര്‍ കോക്‌സ്, ബയോട്രിന്‍ എന്നിവ താറാവുകള്‍ക്ക് നല്‍കിയിരുന്നു. മരുന്നു നല്‍കിയിട്ടും വീണ്ടും താറാവുകള്‍ കുഴഞ്ഞുവീണു ചത്തു കൊണ്ടിരിക്കുകയാണെന്ന് സന്തോഷ് പറഞ്ഞു. തങ്ങള്‍ക്കുള്ള 15000 ത്തോളം താറാവുകള്‍ക്കും എല്ലാ വാക്‌സിനുകളും എടുത്തിരുന്നതായും ഇവര്‍ വ്യക്തമാക്കി. 
കഞ്ഞിപ്പാടം രജനി നിവാസില്‍ അജിമോന്‍, വണ്ടാനം കന്യക്കോണില്‍ അജി, കരുമാടി സ്വദേശി തുളസി എന്നിവരുടെ താറാവുകളും രോഗബാധയാല്‍ ഓരോ ദിവസവും കുഴഞ്ഞുവീണു ചത്തു കൊണ്ടിരിക്കുകയാണ്. ചമ്പക്കുളം, ചെമ്പുമ്പറം, നെടുമുടി, പുറക്കാട് തുടങ്ങിയ മേഖലയിലും താറാവു രോഗം പടരുന്നതായാണ് സൂചന. അമ്പലപ്പുഴയില്‍ 10000 ത്തോളം താറാവുകള്‍ രോഗം ബാധിച്ച് ചത്തിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതേവരെ ഉണ്ടായില്ലെന്നാണ് താറാവു കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും താറാവുകള്‍ കൂട്ടത്തോടെ ചത്തെങ്കിലും നാമമാത്രമായ നഷ്ട പരിഹാരമാണ് ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ഷാജി ജോസഫും സംഘവും രോഗം ബാധിച്ച് താറാവുകള്‍ ചത്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത്, പുറക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വെറ്റിനറി സംഘം ചത്ത രണ്ടു താറാവുകളെ വീതം വിദഗ്ധ പരിശോധനക്കായി തിരുവല്ലയിലെ മഞ്ഞാടിയിലെ ലാബിലേക്കയച്ചു. ബാക്ടീരിയ മൂലമുള്ള അണുബാധയായ പാസ്റ്ററെല്ല എന്ന രോഗം മൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞവര്‍ഷം ഉണ്ടായതുപോലുള്ള പക്ഷിപ്പനി ഒരു സ്ഥലത്തും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അണുബാധ മൂലമുള്ള നാശത്തിന് നഷ്ടപരിഹാരം കിട്ടില്ല. ഈ രോഗത്തിന് വാക്‌സിനേഷന്‍ ലഭ്യമാണ്. മങ്കൊമ്പ് വെറ്റിനറി പോളിക്ലിനിക്കില്‍ നിന്ന് ആവശ്യത്തിന് മരുന്നുകള്‍ അമ്പലപ്പുഴയിലെയും, പുറക്കാട്ടെയും മൃഗാശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
എന്നാല്‍ താറാവുകര്‍ഷകരുടെ പൂര്‍ണ പിന്തുണ ഇതിനാവശ്യമാണ്. യഥാസമയം മരുന്നുകള്‍ താറാവുകള്‍ക്ക് നല്‍കണം.പുറക്കാട് ഷാജി കുര്യന്റെ 1285 താറാവുകളും അമ്പലപ്പുഴ വടക്ക് 6 താറാവുകര്‍ഷകരുടെ 1804 താറാവുകളും പാസ്റ്ററെല്ല രോഗംമൂലം ചത്തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി ഇവര്‍ പറഞ്ഞു.
