പിക്ക്അപ്പ് വാൻ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്നാണ് മര‌ണമെന്നാണ് പുറത്തുവരുന്ന വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ തെങ്ങ് കയറ്റ തൊഴിലാളിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പിക്ക്അപ്പ് വാൻ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്നാണ് മര‌ണമെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളിയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. ഡ്രൈവർ പാട്ടറ-വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ15-ന് രാവിലെ വഴിയാത്രക്കാരാണ് തൊഴിലാളിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടത്. കല്ലറ-കൊടിതൂക്കിയകുന്ന് സ്വദേശി രാമൻ എന്ന് വിളിക്കുന്ന അനിൽകുമാറാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ തോളിൽ കൂടി ടയർ കയറിയത്തിന്റെ പാടുകൾ കണ്ടിരുന്നു. രാത്രികാലങ്ങളിൽ മദ്യപിച്ച് റോഡിൽ കിടക്കുന്ന സ്വഭാവം അനിൽ കുമാറിനുണ്ട്.

സംഭവ ദിവസം രാവിലെ മീൻ എടുക്കാനായി ബഷീർ വാഹനം വീടിന്റെ സമീപത്ത് നിന്നും റിവേഴ്സ് എടുക്കുന്നതിനിടയിലാണ് അനിൽ കുമാറിന്റെ ദേഹത്ത് കയറിയത്. എന്നാൽ കണ്ടിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ബഷീറിന്റെ വാഹനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Midhun | Live News