കോട്ടയം: കുമരകത്ത് സൗദി ബാലൻ മരിച്ചത് ഷോക്കേറ്റാണെന്ന് രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറുടെ മൊഴി. സംഭവത്തെക്കുറിച്ച് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

കുമരകത്തെ അവേദ റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് സൗദി സ്വദേശിയായ മജീദ് ആദിൻ ഇബ്രാഹിം എന്ന നാലരവായസുകാരൻ വീണുമരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന അച്ഛൻ ഇബ്രാഹിന്റെ മൊഴി ശരിവയ്ക്കുന്നതാണ് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറുടെ മൊഴി. നീന്തൽക്കുളത്തിനടുത്ത് ഇരുന്നപ്പോഴാണ് കുട്ടി വീഴുന്നത് കണ്ടത്. ഉടൻ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ തനിക്കും ഷോക്കേറ്റുവെന്നാണ് ഡോക്ടറുടെ മൊഴി. നീന്തൽക്കുളത്തിനുള്ളിൽ വൈദ്യുതികേബിൾ കടന്ന് പോകുന്നുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളത്തിൽ മുങ്ങിയാണ് കുട്ടിമരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എല്ലാവശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം ഡിവൈഎസ്പി സഖറിയാസ് മാത്യൂസ് അവേദയിലെത്തി റിസോട്ട് പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. ശസ്ത്രീയപരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് സൗദി കുടുംബം കുമരകത്തെത്തിയത്. മരിച്ച കുട്ടിയുടെ മൃത്ദേഹം സൗദിയിലേക്ക് കൊണ്ടുപോയി.