കൊച്ചി പള്ളുരുത്തിയില്‍ ഇരുപതുകാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അമല എന്ന പെണ്‍കുട്ടി മരിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി ചക്കാലക്കല്‍ വീട്ടില്‍ ജോണിയുടെ മകള്‍ അമലയെ വീട്ടില്‍ പൊള്ളലേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. അമ്മ മരിച്ചതിന് ശേഷം അമലയെ അച്ഛന്‍ ജോണിയും രണ്ടാനമ്മ ജൂഡിയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത് എന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അമലയ്‌ക്ക് എട്ട് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. അന്നു മുതല്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് മുതിര്‍ന്നപ്പോള്‍ മാത്രമാണ് അമല കൂട്ടുകാരോട് പറഞ്ഞത്. ഇക്കാര്യങ്ങളന്വേഷിച്ചപ്പോള്‍ അമലയ്ക്ക് മനോരോഗമാണെന്ന് രണ്ടാനമ്മ ജൂഡി പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു.

പൊള്ളലേറ്റ അമല ആശുപത്രിയില്‍ കിടന്നപ്പോഴും അച്ഛനും രണ്ടാനമ്മയും പരിചരിക്കാന്‍ എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.