ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് റദ്ദാക്കി. വധക്കേസിൽ സാക്ഷിപറഞ്ഞാൽ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമർശം. 

ദില്ലി: ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് റദ്ദാക്കി. വധക്കേസിൽ സാക്ഷിപറഞ്ഞാൽ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമർശം. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിക്ക് വിട്ട സുപ്രീം കോടതി കേസിൽ നടപടികൾ തുടരാനും നിർദ്ദേശിച്ചു . 

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മതമില്ലാത്ത ജീവൻ എന്ന അദ്ധ്യായം ചേർത്തതിനെതിരെയുള്ള സമരത്തിനിടയിൽ കിരിശേരി ഗവ. സ്കൂളിൽ നടന്ന ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുക്കാൻ പോയ ജെയിംസ് അഗസ്റ്റിൻ എന്ന അദ്ധ്യാപകൻ മരിക്കുകയായിരുന്നു.

മീറ്റിംഗ് നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവർത്തകർ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അധ്യാപകൻ കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസിൽ ഏതാനും യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഒരു പൊതുയോഗത്തിലാണ് ബഷീർ ഭീഷണി മുഴക്കിയത്.

ഏറനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാൻ പറയുന്നത് ഈ കേസ് കോടതിയിൽ എന്നെങ്കിലും വരുകയാണെങ്കിൽ സാക്ഷി പറയാൻ ആരെങ്കിലും എത്തിയാൽ അവൻ ജീവനോടെ തിരിച്ചുപോകില്ല എന്നായിരുന്നു ബഷീറിന്റെ പ്രസംഗം.