ശ്രീനഗര്‍: ജമ്മുവില്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികല്‍സയിലായിരുന്ന മൂന്ന് സൈനികരും ഒരു നാട്ടുകാരനും മരണത്തിന് കീഴടങ്ങി. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ 30 മണിക്കൂറായി തുടരുന്ന ഏറ്റമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു.ഇതിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ,ജമ്മുവിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച തുടങ്ങി.

ഭീകരരുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒന്പത് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേല്‍ക്കുകുയം ചെയ്തിരുന്നു. ഇതില്‍ മൂന്ന് സൈനികരും ഒരു നാട്ടുകാരനുമാണ് ഇന്ന് മരണത്തിന് കീഴ്ടങ്ങിയത്. സുബേദാര്‍മാരായ മദന്‍ലാല്‍ ചൗധരി, മുഹമ്മദ് അഷ്റഫ് മിര്ഡ, ഹവീല്‍ദാര്‍ ഹബീബുള്ളാ ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്,ലാന്‍സ് നായിക് മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് മരിച്ച സൈനികര്‍. മുഹമ്മദ് ഇഖ്ബാലിന്‍റെ അഛനാണ് മരിച്ച നാട്ടുകാരന്‍. സുഞ്ജ്വാനിലെ ക്വാര്‍ട്ടേഴ്സില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനകം നാല് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇനിയും രണ്ടോ മൂന്നോ ഭീകരര്‍ കൂടി ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഉണ്ടെന്നാണ് സൈന്യത്തിന്‍റ അനുമാനം.

സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കരസേനാ മേധാവി ജനറള്‍ ബിപിന്‍ റാവത്ത് രാവിലെ തന്നെ ജമ്മുവിലെത്തി .മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. അടുത്തിടെ കശ്മീരില്‍ സൈനികകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ ഭീകരരുടെ ആക്രമണം വര്‍ധിച്ചുവരികയാണ്.മാത്രമല്ല, വെടിനിര്ത്തല്‍ കരാര്‍ ലംഘിച്ചു നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീവ്രമായ നടപടികള്‍ സ്വീകരിക്കണമെന്ന ചിന്താഗതി സൈനിക നേതൃത്വത്തിനുണ്ട്.