ഇറാഖിന് വേണ്ടിയിരുന്നത് സദ്ദാം ഹുസൈനെ പോലെയുള്ള  ഭരണാധികാരിയെ തന്നെയെന്ന് അമേരിക്കയിലെ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. 2003 ലെ ഇറാഖ് അധിനിവേശത്തില്‍ സദ്ദാം ഹുസൈനെ  ചോദ്യം ചെയ്ത സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സന്റെതാണ് വെളിപ്പെടുത്തല്‍. 

'നിങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണ്. ഇറാഖിനെ ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങള്‍ വൈകാതെ തിരിച്ചറിയും'. ഇറാഖ് കീഴടക്കി സദ്ദാം ഹുസൈനെ ചോദ്യം ചെയ്തപ്പോള്‍ ജോണ്‍ നിക്‌സന്‍ കേട്ട വാക്കുകളാണിത്. 'ഇറാഖില്‍ നിങ്ങള്‍ തോല്‍ക്കും. എന്തെന്നാല്‍ രാജ്യത്തിന്റെ ഭാഷയോ,ചരിത്രമോ,അറബ് മനസ്സോ നിങ്ങള്‍ക്ക് അറിയില്ല'. ആദ്യം ഇത് കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. എന്നാല്‍ ഇപ്പോഴത്തെ മധ്യേഷ്യയുടെ അവസ്ഥ കാണുമ്പാള്‍ സദ്ദാമായിരുന്നു ശരിയെന്ന് ബോധ്യപ്പെടുന്നതായി വിലയിരുത്തുകയാണ് ജോണ്‍ നിക്‌സന്‍. 

ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ വളര്‍ച്ച തടുക്കാന്‍  സദ്ദാം ഹുസൈനെപ്പോലൊരു ഭരണാധികാരിക്ക് മാത്രമെ കഴിയൂ എന്നും നികസണ്‍ പറയുന്നു.  Debriefing the Presidet The Interrogation of Saddam Hussein എന്ന പുസ്തകത്തിലൂടെയാണ് നിക്‌സന്റെ ഏറ്റുപറച്ചില്‍. ഏകാധിപത്യ സ്വഭാവമുള്ള ഭരണരീതിയും ആക്രമണങ്ങളുമായിരുന്നു സദ്ദാം ഭരണത്തില്‍ ഉടനീളം. 

എങ്കിലും  ഇപ്പോഴത്തെ തുടര്‍ച്ചയായ രക്തച്ചൊരിച്ചില്‍ കാണുമ്പോള്‍ സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്‌സന്‍ പറയുന്നു. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. അമേരിക്കയുടെ ഇറാഖ് അധിനിവേശം തെറ്റായിരുന്നുവെന്ന് പ്രസിഡന്റ് ബരാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിശ്വസിക്കുമ്പോള്‍ നിക്‌സന്റെ ഈ വെളിപ്പെടുത്തലിന് പ്രസക്തി ഏറുകയാണ്.