വാഹനാപകടങ്ങളിൽ 32 ശതമാനത്തിന്‍റെ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

കോഴിക്കോട്: നിപ ഭീതിയില്‍ കോഴിക്കോട് നഗരത്തിലെത്തിയ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ മാസമുണ്ടായ അപകടങ്ങളിലും വൻകുറവ്. വാഹനാപകടങ്ങളിൽ 32 ശതമാനത്തിന്‍റെ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

മെയ് പകുതി മുതല്‍ നിപയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറംലോകത്തെത്തിയതോടെയാണ് കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞത്. ഏപ്രിലില്‍ 117 വാഹനാപകടങ്ങള്‍ ഉണ്ടായപ്പോള്‍ മെയ് മാസത്തില്‍ ഇത് 80 ആയി കുറഞ്ഞു. നിപയുടെ ഭീതി നിലനിന്ന മെയ് 18 മുതല്‍ 31 വരെയുള്ള കാലയളവിലുണ്ടായത് 21 വാഹനാപകടങ്ങള്‍ മാത്രം. നഗരപരിധിയിലെ 15 പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കണക്കാണിത്.

നിപ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വാഹനാപകടങ്ങളില്‍ പരിക്കുകളോടെ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്‍റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ 142 പേര്‍. മെയില്‍ ഇത് 62 ആയി കുറഞ്ഞു. മെയ് 18 മുതല്‍ 31 വരെയുള്ള കാലയളവില്‍ 16 പേര‍്ക്ക് മാത്രമാണ് പരിക്കേറ്റത്. ഏപ്രിലില്‍ 19 മരണങ്ങളുണ്ടായി മെയില്‍ പതിനാറും.