കത്വ പ്രതിഷേധത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും: ദീപ നിശാന്ത്

തൃശൂര്‍: കത്വ സംഭവത്തിൽ സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ സൈബർ ആക്രമണം. മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നന്പറും വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ദീപ നിശാന്ത് പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ നേരത്തെ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ദീപ നിശാന്ത് ആരോപിച്ചു.

കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കര നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം
തുടങ്ങിയത്. പോസ്റ്റിനെ വിമർശിച്ചുള്ള കമന്റുകൾ തുടക്കത്തിൽ അവഗണിച്ചു. എന്നാൽ പിന്നീട് ഫോണിലും നിരന്തരം ഭീഷണി തുടങ്ങി. പല ഗ്രൂപ്പുകളിലും ഫോൺ നന്പറും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

എംഎഫ് ഹുസൈന്റെ ചിത്രത്തെ അനുകൂലിച്ചതിനായിരുന്നു നേരത്തെ സൈബർ ആക്രമണം. ഫേസ് ബുക്ക്, വാട്സാപ്പ് സ്ക്രീൻ ഷോട്ടടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് സംഭവങ്ങൾ
ആവർത്തിക്കാൻ കാരണമെന്നും ദീപ നിശാന്ത് പറഞ്ഞു.